കോട്ടയം: അജിമോൻ വ്യത്യസ്തനായ ബാർബറാണ്. ഗാനമേള ട്രൂപ്പുകളിലെ ഗായകൻ. ഇപ്പോൾ ചിത്രകാരനുമായി. ലോക്ക് ഡൗൺകാലത്ത് വെറുതെ ഇരുന്ന് മുഷിഞ്ഞപ്പോൾ കിടപ്പുമുറിയുടെ ഭിത്തിയിൽ വരച്ചെടുത്തത് പായും കുതിരയെ. അജിയുടെ വരയിലെ വിരുത് കണ്ട് കൈയടിക്കുകയാണ് നാട്ടുകാർ .
തോട്ടയ്ക്കാട് അമ്പലക്കവലയിലാണ് പോളച്ചിറയിൽ അജിമോൻ (47)ബാർബർ ഷോപ്പ് നടത്തുന്നത്. അജിമോന്റെ കടയിൽ ചെന്നാൽ പാട്ടുംകേൾക്കാം, മുടിയും വെട്ടാം. അജിമോന് ചിത്രകലയിലും കമ്പമുണ്ടെന്ന തിരിച്ചറിവ് ഇപ്പോഴാണ് എല്ലാവർക്കുമുണ്ടായത്. കോട്ടയം കലാക്ഷേത്രയിലടക്കം സംഗീതം പഠിച്ചിട്ടുള്ള അജിമോൻ ചിത്രകലയുടെ ഏഴയലത്ത് കൂടിപ്പോലും പോയിട്ടില്ല. ലോക്ക് ഡൗണിൽ ബോറടിച്ചപ്പോൾ പെൻസിലെടുത്ത് കോറിയിട്ടു. മകൻ അഭിജിത്തിന്റെ വാട്ടർ കളറെടുത്ത് ചായം പൂശിയതോടെ രണ്ട് മണിക്കൂറിനുള്ളിൽ കുതിര റെഡി. വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങൾ മാത്രം ഉപയോഗിച്ചാണ് അജിമോൻ കുതിരയെ വരച്ചത്. കുതിരയ്ക്കൊപ്പമുള്ള പടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് അജിമോനിലെ വരകാരനെ സുഹൃത്തുക്കൾ പോലും അറിയുന്നത്.
മകൻ അഭിജിത് നന്നായി വരയ്ക്കും. തോട്ടയ്ക്കാട് കേന്ദ്രീകരിച്ച് ഭജൻസിന് നേതൃത്വം കൊടുക്കുന്ന അജിമോൻ കോട്ടയത്തെ കരാക്കെ ഗാനമേള ട്രൂപ്പുകളിലും പാടുന്നുണ്ട്. രാജിയാണ് ഭാര്യ. മകൾ: അഭിരാമി.