കോട്ടയം: വിദേശരാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നിവേദനം നല്‍കി. തോമസ് ചാഴിക്കാടന്‍ എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 10 ലക്ഷത്തിന് താഴെയുള്ള ചെറുകിട കർഷകരുടെ മുഴുവൻ വായ്പകളുടേയും ആറ് മാസത്തെ പലിശ എഴുതി തള്ളണം, നാണ്യവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണം. വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോയ വിദ്യാർത്ഥികളുടെ ഫീസ് ഇളവ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളും നിവേദനത്തിൽ ആവശ്യപ്പെട്ടു.