മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയാണ് മണിമലയാറിന്റെ നവീകരണപ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നതെന്ന് സി.പി.എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഇറിഗേഷൻ വകുപ്പിന്റെ മണിമലയാർ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.പുഴയിൽ നിന്നും വാറ്റിയെടുക്കുന്ന മണലും വേസ്റ്റും നിക്ഷേപിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇറിഗേഷൻ വകുപ്പ് ഗ്രാമപഞ്ചായത്തിന് കത്ത് നൽകിയിരുന്നു. വാരിയെടുത്ത മണലിന്റെ ഉടമസ്ഥതാവകാശവും ഗ്രാമപഞ്ചായത്തിനാണ്.നിയമപരമായ അനുവാദം വാങ്ങി മണൽ ലേലം ചെയ്താൽ വലിയൊരു വരുമാനവും പഞ്ചായത്തിന് ലഭിക്കും. എന്നാൽ സംസ്ഥാന സർക്കാരിന്റെ നവീകരണ പ്രവർത്തനങ്ങളെ ബോധപൂർവം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്തും കോൺഗ്രസ് നേതൃത്വവും നടത്തുന്നതെന്ന് സി .പി .എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി .വി. അനിൽകുമാർ ആരോപിച്ചു.