പാലാ : സംസ്ഥാനത്ത് പദ്ധതിച്ചെലവിൽ ഒന്നാംസ്ഥാനം നേടി ളാലം ബ്ലോക്ക് പഞ്ചായത്ത്. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും നിലനിൽക്കെയാണ് അനുവദിച്ച തുകയുടെ 99 ശതമാനം തുകയും വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് നേട്ടം കൈവരിക്കാനായത്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ളാലം (99%), പുളിക്കീഴ് (89%), ഇടുക്കി (86%), ഈരാറ്റുപേട്ട (84%) എന്നീ ബ്ലോക്കുകൾക്ക് മാത്രമാണ് അനുവദിച്ച തുകയുടെ 80 ശതമാനത്തിന് മേൽ പദ്ധതിച്ചെലവ് നേടാനായത്.
2012-13 വർഷം മുതൽ തുടർച്ചയായി നൂറുശതമാനം വികസന ഫണ്ട് വിനിയോഗം കൈവരിച്ചിട്ടുള്ള ളാലം ബ്ലോക്ക് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം ഏഴ് തവണ നേടിയിട്ടുണ്ട്. മികച്ച പ്രവർത്തനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് എംപവർമെന്റ് ആൻഡ് ഇൻസന്റീവ് സ്‌കീം അവാർഡ് ദേശീയ നിർമ്മൽ പുരസ്‌കാരം എന്നിവയും ളാലം ബ്ലോക്ക് സ്വന്താമക്കിയിട്ടുണ്ട്. സേവന രംഗത്തെ ഗുണമേൻമ ഉറപ്പാക്കിയുള്ള ഐഎസ്ഒ 9001: 2015 അന്താരാഷ്ട്ര അംഗീകാരം നേടിയ സംസ്ഥാനത്തെ പ്രഥമ ബ്ലോക്ക് പഞ്ചായത്താണ് ളാലം.
ഈ വർഷം നടപ്പാക്കിയവ
വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം
കേൾവിശക്തി കുറഞ്ഞവർക്ക് ശ്രവണസഹായി
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടർ വിതരണം
മോട്ടോറൈസ്ഡ് വീൽചെയർ വിതരണം
ഭിന്നശേഷിക്കാരുടെ സർഗോത്സവം, സ്‌കോളർഷിപ്പ്
തരിശ് ഭൂമി ഏറ്റെടുത്ത് കൃഷി യോഗ്യമാക്കൽ
പച്ചക്കറി കൃഷി വിപുലീകരണ പദ്ധതി
വാർഷിക പദ്ധതിയുടെ ആരംഭത്തിൽ തന്നെ സംസ്ഥാനത്ത് ഒന്നാമത് എത്താൻ ളാലം ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരുമയോടെയുള്ള പ്രവർത്തനം മൂലമാണ്
അഡ്വ.ജോസ് ജോസഫ് പ്ലാക്കൂട്ടം, പ്രസിഡന്റ്