camp

ചങ്ങനാശേരി: അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നതിന്റെ ഭാഗമായി പായിപ്പാട് പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും രജിസ്‌ട്രേഷനും ആരംഭിച്ചു. പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ ചങ്ങനാശേരി തഹസിൽദാർ ജിനു പൂന്നൂസിന്റെ നേതൃത്വത്തിലാണ് രജിസ്‌ട്രേഷൻ. നാട്ടിലേയ്ക്ക് മടങ്ങാൻ താൽപര്യമുള്ളവർക്കും യാത്രാചെലവ് നൽകാൻ തയ്യാറാവുന്നവർക്കുമാണ് മുൻഗണന . ഇന്നലെ രണ്ട് ക്യാമ്പുകളിൽ നിന്നായി 400 പേരെ പരിശോധിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റും നല്കി. പായിപ്പാട് ക്യാമ്പിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുതലായതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടരും. 4086 പേരാണ് പായിപ്പാട് ക്യാമ്പിൽ കഴിയുന്നത്. ഇവരിൽ 300 ഓളം പേർ നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്‌ട്രേഷൻ നടത്തി. രജിസ്‌ട്രേഷൻ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കും. മൂന്ന് ദിവസത്തിനുള്ളിൽ തൊഴിലാളികളെ നാട്ടിലേയ്ക്ക് അയയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ക്യാമ്പ് കോ ഒാർഡിനേറ്ററുമായ ജെ.ജയപ്രസാദ്, പായിപ്പാട് പഞ്ചായത്ത് സെക്രട്ടറി സജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ബിനു, ലതാ കുമാരി, സിസിലി ജോസഫ്, എം.ഡി പുഷ്പാമോൾ, പി.എം ബിന്ദുമോൾ, കെ.കെ. ഇന്ദുമതി, രമാദേവി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.


രേഖകളുമായി എത്തണം

പായിപ്പാട് ക്യാമ്പിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ പൊലീസ് വെരിഫിക്കേഷന് എത്താത്തവർ ഇന്ന് രാവിലെ 10.30 യ്ക്ക് തിരിച്ചറിയൽ രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.