കോട്ടയം : ഗ്രീൻസോണിൽ നിന്ന് ഓറഞ്ചിലേക്കും അവിടെ നിന്ന് പെട്ടെന്ന് റെഡ് സോണിലേക്കും ഇടിച്ചു കയറിയ കോട്ടയം വീണ്ടും ഓറഞ്ച് സോണിലേക്ക് അടുക്കുന്നു. ഒരാഴ്ചയായി കൊവിഡ് രോഗികളില്ലാത്ത കോട്ടയം ഇനി ഒരാഴ്ച കൂടി രോഗമില്ലാതെ പിടിച്ചു നിന്നാൽ ഓറഞ്ചിലേക്ക് എത്തും. മൂന്നാഴ്ച രോഗികളാരുമില്ലെങ്കിൽ വീണ്ടും ഗ്രീനിലെത്തും. ഇന്നലെ ലഭിച്ച 191 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്നത് കോട്ടയത്തിന് ഏറെ പ്രതീക്ഷ നൽകുന്നു.
കർശന പരിശോധനയും നിരീക്ഷണവും ജില്ലയിൽ ശക്തമാണ്. സാമൂഹ്യ ഇടപെടലിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കിയതിന്റെ നേട്ടമാണ് ഇപ്പോൾ കാണുന്നത്. എന്നാൽ ആരെങ്കിലും വീടുകളിൽ നിരീക്ഷണത്തിലാവുകയോ റൂട്ട് മാപ്പിൽ ബന്ധപ്പെട്ടവരാകുകയോ ചെയ്താൽ അവർ കൊവിഡ് ബാധിതരെന്ന തരത്തിലുള്ള പ്രചാരണത്തിന് കുറവ് വന്നിട്ടില്ല. ആരോഗ്യ വകുപ്പ് കർശന നടപടി തുടരുകയും മേൽനോട്ടത്തിന് എ.ഡി.ജി.പി പത്മകുമാർ, കെ.എ.പി കമാണ്ടന്റ് ആർ.വിശ്വനാഥ് അടക്കം ഉന്നത ഉദ്യോഗസ്ഥർ എത്തിയെങ്കിലും അത്യാവശ്യം വേണ്ട സാമ്പിൾ പരിശോധനയിൽ മാത്രം വേഗത ഉണ്ടായിട്ടില്ല. റെഡ് സോണിലായിട്ടും ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ് കോട്ടയം. ദിവസം 200 സാമ്പിൾ പരിശോധിക്കാൻ സംവിധാനമുള്ള എം.ജി സർവകലാശാലയുടെ തലപ്പാടിയിലെ ബയോമെഡിക്കൽ സെന്ററിൽ സാമ്പിൾ പരിശോധന ഇനിയും സുഗമമായിട്ടില്ല. 50 സാമ്പിൾ പരിശോധനയ്ക്ക് സൗകര്യമുള്ള മെഡിക്കൽ കോളേജിൽ ഇടുക്കിയിലെ സാമ്പിളും കെട്ടിക്കിടക്കുകയാണ്.