പാലാ : അങ്ങനെ പാലായിലെ ആ സർക്കിൾ ഇൻസ്‌പെക്ടറും ക്വാറന്റൈനിലായി. പതിന്നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ലോകം മുഴുവൻ പിടിച്ചടക്കിയ സന്തോഷം തോന്നേണ്ട നിമിഷങ്ങളിൽ ആ പോലീസ് ഉദ്യോഗസ്ഥന്റെ മിഴികളിൽ നിന്ന് ദുഃഖം ഉരുൾപൊട്ടി, അണിഞ്ഞിരുന്ന മുഖാവരണം നനഞ്ഞു കുതിർന്നു, ചുണ്ടുകൾ വിതുമ്പി.....എന്നും കൂടെ നിന്ന കുടുംബത്തോടും സഹപ്രവർത്തകരോടും കൈ വീശി യാത്ര പറഞ്ഞ് പാലാ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് അദ്ദേഹം കയറിപ്പോയി.

ജില്ലാ പൊലീസ് മേധാവിയുടെ അനുവാദത്തോടെ കൊവിഡിന്റെ ജനകീയ ബോധവത്ക്കരണ സന്ദേശവുമായി പാലാ പൊലീസ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടെലിഫിലിം കാഴ്ചക്കാരുടെ കണ്ണു നനയിക്കും. പ്രധാന കഥാപാത്രങ്ങൾ പാലായിലെ യഥാർത്ഥ പൊലീസ് ഉദ്യോഗസ്ഥർ തന്നെ. ഡിവൈ.എസ്. പി. ഷാജിമോൻ ജോസഫിന്റെ ആമുഖ സന്ദേശത്തോടെയാണ് ഫിലിം ആരംഭിക്കുന്നത്. സി.ഐ വി.എ. സുരേഷ്, എസ്.ഐ മാരായ ഷാജി സെബാസ്റ്റ്യൻ, ഹാഷിം, തോമസ്, ജനമൈത്രി സി.ആർ.ഒ. ബിനോയി ജോസഫ് എന്നിവർ വേഷമിടുന്നു. എസ്.പി ജി.ജയദേവിന്റെ സന്ദേശത്തോടെയാണ് ടെലിഫിലിം സമാപിക്കുന്നത്.സാം മോൻ പിണ്ണാക്കനാടാണ് സംവിധായകൻ. കഥയും സംഭാഷണവും തിരക്കഥയും പി.കെ. ഡാനിഷ്. ജനമൈത്രി സമിതി അംഗം കെ. ആർ. സൂരജ് പാലാ പ്രധാന പിന്നണി പ്രവർത്തകനാണ്.

രംഗങ്ങളിലൂടെ

ഏപ്രിൽ 30 : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗി മുങ്ങി. ഇയാൾ ഒരു കാറിൽ പാലായിലേക്ക് കടന്നതായി വിവരം കിട്ടി. സി.ഐയും സംഘവും പാലാ സെന്റ് തോമസ് കോളജിന് സമീപം കാർ തടഞ്ഞെങ്കിലും ഇയാൾ കടന്നു കളഞ്ഞു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. ഒടുവിൽ കിഴതടിയൂർ ബൈപ്പാസിൽ വച്ച് പൊലീസ് ജീപ്പ് രോഗിയുടെ കാർ മറി കടന്ന് കുറുകെ നിർത്തി വഴിതടഞ്ഞു. രോഗിയായ മദ്ധ്യവയസ്‌ക്കൻ ഇറങ്ങിയോടി. സി.ഐയും സംഘവും പിന്നാലെ ചെന്ന് പിടികൂടി. കൊവിഡ് രോഗിയുമായി നേരിട്ട് ഇടപെട്ട സി.ഐ. ജനറൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആശുപത്രി അധികാരികൾ ആവശ്യപ്പെട്ടു.