കോട്ടയം: അധികം ആവേശം കാട്ടാതെ ഇങ്ങനെയങ്ങ് പോയാൽ ഒരു മാസത്തിനുള്ളിൽ കോട്ടയത്തിന് ഗ്രീൻസോണിലെത്താം. തുടർച്ചയായി വരുന്ന ഫലങ്ങളെല്ലാം നെഗറ്റീവായതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരിൽ പ്രതീക്ഷ മുളച്ചത്. സാമൂഹിക അകലം പാലിച്ചും പുറത്തിറങ്ങാതെയും കഴിഞ്ഞാൽ കാര്യങ്ങൾ പോസീറ്റാവാണെന്ന് ജില്ലാ ഭരണ കൂടവും കരുതുന്നു.

നിലവിലെ രോഗബാധിതരെല്ലാം പുരോഗതി കൈവരിച്ചിട്ടുണ്ട്. പുതുതായി ആർക്കും സ്ഥിരീകരിക്കാത്തതിനാൽ രോഗം ആരിലേയ്ക്കും പടർന്നിട്ടില്ലെന്ന സൂചനയാണ് ആരോഗ്യ വിഭാഗം നൽകുന്നത്. ഇന്നലെ വന്ന 123 ഫലങ്ങളും നെഗറ്റീവാണ്. കൊവിഡ് ബാധിച്ചവരിൽ പ്രായാധിക്യമുള്ളവരും ഗുരുതര രോഗം ബാധിച്ചവരും ഇല്ലാത്തതിനാൽ വേഗം സുഖപ്പെടുമെന്നാണ് പ്രതീക്ഷ. ആകെ രോഗബാധിതരായ 17 പേരിൽ 16 പേർ കോട്ടയം മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലുമാണ് ചികിത്സിലുള്ളത്. ഇന്നലെ ആരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടില്ല. ചന്തയിലെ മറ്റ് തൊഴിലാളികളുടെ ഫലം നെഗറ്റീവായതും പ്രതീക്ഷ പകരുന്നു.


 ഇന്നലെ ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ 81

 ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ 1665

 ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ 216

 ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 110