കോട്ടയം റെഡ് സോണിലെത്തിയതോടെ 'ഞങ്ങൾക്കൊരിക്കലും കൊവിഡ് വരില്ലെന്ന് ' അഹങ്കരിച്ച നാട്ടുകാരിൽ പലരും പേടിച്ച് പുറത്തിറങ്ങാതായി. മാസ്ക്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് അനുസരിക്കാൻ കാൽ നടയാത്രക്കാർ വരെ തയ്യാറായതോടെ നാട്ടുകാർക്ക് ജയ് വിളിക്കുകയാണ് ചുറ്റുവട്ടം. ആര് പറഞ്ഞാലും അനുസരിക്കുന്ന സ്വഭാവം പണ്ടേയില്ല. എന്നാൽ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഘട്ടം വന്നാൽ പേടിച്ചു തൂറും.
റെഡ് സോണിലെത്തിയതോടെ കോട്ടയംകാർ ആ അവസ്ഥയിലാണിപ്പോൾ. തങ്ങൾക്കില്ലാത്ത സൗഭാഗ്യം മറ്റാർക്കും വേണ്ട. താൻ കുടിക്കുന്നില്ലെങ്കിൽ മറ്റാരും കുടിക്കേണ്ടെന്ന് ആഗ്രഹിക്കുന്നവർ ഏറെയുള്ളതിനാൽ മറ്റു സോണുകളിൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണം വന്നപ്പോൾ തങ്ങൾ റെഡ് സോണിലായി പോയതിൽ പരിതപിച്ചവർ മദ്യശാലകൾ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ ആഹ്ലാദത്തിൽ വാറ്റും അരിഷ്ടവുമായി ചിയേഴ്സ് വിളിക്കുകയാണ്.
റെഡ് സോണിൽ പൊലീസ് പരിശോധനയും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലും ശക്തമായി, നാട്ടുകാരും പേടിച്ച് നിർദ്ദേശങ്ങളെല്ലാം അനുസരിക്കുന്നു. സാമ്പിൾ പരിശോധന മാത്രമാണ് ഒച്ചിഴയും പോലെ നീങ്ങുന്നത്.
എം.ജി സർവകലാശാലയുടെ കീഴിൽ മെഡിക്കൽ കോളേജാശുപത്രിതലത്തിൽ ഉയർത്താവുന്ന സൗകര്യത്തോടെ തുടങ്ങിയതാണ് തലപ്പാടി സെന്റർ. കൊവിഡ് പരിശോധനയ്ക്കുള്ള അനുവാദവും സെന്ററിന് ലഭിച്ചത് അങ്ങനെയാണ്. രണ്ടു മൂന്നു ദിവസം പോലും പരിശോധന നടത്തും മുമ്പ് ഇവിടുത്തെ യന്ത്രം കേടായി. ഒരാഴ്ചയായിട്ടും ഇതിന്റെ പാർട്ട്സ് മാറ്റി പരിശോധന പുനരാരംഭിക്കാൻ കഴിഞ്ഞിട്ടുമില്ല. പിന്നാമ്പുറങ്ങളിൽ എന്തെക്കയോ ചീഞ്ഞു നാറുന്നുവെന്ന് സംശയിക്കുകയാണ് നാട്ടുകാർ. കൊവിഡ് പടരുന്ന ഗുരുതര സ്ഥിതിയിലും ദിവസം 200 ഫലങ്ങൾ വരെ പരിശോധിക്കാൻ സൗകര്യമുള്ളിടത്ത് (കോട്ടയം മെഡിക്കൽ കോളേജിൽ 50 ഫലം പരിശോധിക്കാനേ സൗകര്യമുള്ളൂ. ) ഒരു യന്ത്രത്തിന്റെ പാർട്സ് മാറ്റിയിടാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ലെങ്കിൽ ഇതിന് ഉത്തരവാദി ആരാണെങ്കിലും അവർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
ഒരു സാമ്പിൾ മൂന്നു തവണ പരിശോധിച്ചുറപ്പിക്കണം. തലപ്പാടിയിൽ ഒരു തവണ പരിശോധിച്ചപ്പോഴേ യന്ത്രം കേടായി. ഇവിടെ തന്നെ മറ്റു രണ്ട് തവണ കൂടി പരിശോധന നടത്തണമെന്നാണ് ചട്ടം. യന്ത്രം നന്നാക്കി ഇനി എന്ന് പരിശോധന പൂർത്തിയാക്കുമെന്ന് ദൈവത്തിന് അറിയാം. പരിശോധനാഫലത്തെക്കുറിച്ചും പരാതിയുണ്ട്. ഇവിടെ പൊസിറ്റീവെന്ന് കണ്ടെത്തുന്നവ ആലപ്പുഴയിലെത്തുമ്പം നെഗറ്റീവായി മാറും. നെഗറ്റീവ് പോസിറ്റീവാകുന്നത് പല പരിശോധനയിലും ആവർത്തിച്ചതോടെ സാമ്പിൾ ഫലം പുറത്തു പറയാൻ കഴിയാത്ത സ്ഥിതിയിലായി ബന്ധപ്പെട്ടവർ.
കൊവിഡ് രോഗിയുമായ് ബന്ധപ്പെട്ട റൂട്ട് മാപ്പിനെക്കുറിച്ചും പരാതിയുണ്ട്. ചില സ്ഥലങ്ങൾ ഒഴിവാക്കി മാപ്പിടുന്നതായാണ് പരാതി. പല തവണ റൂട്ട് മാപ്പ് മാറി മറിയുന്നു.കൊവിഡ് സ്ഥിരീകരിച്ചയാൾ അഞ്ചു ദിവസം ഒരു സാമൂഹ്യ കിച്ചനിൽ പോയിരുന്നു. എന്നാൽ ഇത് റൂട്ട് മാപ്പിൽ ഒരു ദിവസമായെന്നാണ് പരാതി. അതു പോലെ ചില പ്രമുഖ പ്രാർത്ഥനാ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും കൊവിഡ് രോഗി പോയ വഴി റൂട്ട് മാപ്പിൽ മുക്കിയെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ രോഗിയായ ആൾ പോയ സ്ഥലങ്ങൾ മറച്ചുവച്ചാൽ തങ്ങൾ എന്തു ചെയ്യുമെന്നാണ് ബന്ധപ്പെട്ടവരുടെ ചോദ്യം .
ഗ്രീൻ സോണിലും ഓറഞ്ഞു സോണിലുമെത്തിയ കോട്ടയം റെഡ് സോണിൽ കളിക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി. ഇനി പെട്ടെന്ന് ഓറഞ്ചിലും പിന്നീട് പച്ച സോണിലുമെത്തണമെന്ന പ്രാർത്ഥനയാണ് ഭൂരിപക്ഷം നാട്ടുകാർക്കുമുള്ളത്. ചുറ്റുവട്ടവും അവർക്കൊപ്പം ചേരുകയാണ്.