തലയോലപ്പറമ്പ് : സംസ്ഥാന സർക്കാർ കൃഷിക്ക് പ്രോത്സാഹനം നൽകുമ്പോൾ കൃഷിപ്പണിക്കായി പുരയിടം ജെ.സി.ബി ഉപയോഗിച്ചു നിരത്തുകയായിരുന്ന ജെ.സി.ബിയും ടിപ്പറും മുളക്കുളം വില്ലേജ് ഓഫീസർ കസ്റ്റഡിയിലെടുത്തു. ഇത് സംബന്ധിച്ച് കൃഷിവകുപ്പു മന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകി. മുളക്കുളം വില്ലേജിലെ ചെത്തിക്കാട് ഭാഗത്താണ് കീഴൂർ മേച്ചേരിയിൽ എം.എംതോമസിന്റെ 50 സെന്റ് പുരയിടത്തിൽ പണി ചെയ്യുകയായിരുന്ന ജെ.സി.ബിയും ടിപ്പറുമാണ് പിടിച്ചെടുത്തത്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചെരിഞ്ഞ് കിടന്ന പുരയിടം മുകൾ ഭാഗത്തു നിന്ന് ടിപ്പറിൽ മണ്ണെടുത്തു താഴ്ന്ന ഭാഗത്തേക്ക് അടിക്കുകയായിരുന്നു. വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി പണി നിറുത്തിവയ്പ്പിപ്പിക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു. ഇവിടെ നിന്ന് മണ്ണ് പുറത്തേക്ക് കൊണ്ടു പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞിട്ടും അധികൃതർ കേട്ടില്ലെന്നാണ് പരാതി. എന്നാൽ ഇവിടെ നിന്ന് മണ്ണു കടത്തുന്ന വിവരം ഫോണിലൂടെ ഒരാൾ വിളിച്ച് പറഞ്ഞിട്ടാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് മുളക്കുളം വില്ലേജ് ഓഫീസർ പറഞ്ഞു.