കട്ടപ്പന: കൈ കൂപ്പി പറഞ്ഞുനോക്കി....കാലുപിടിച്ചും പറഞ്ഞു, എന്നിട്ടും വകവച്ചില്ലെങ്കിൽ പിന്നെന്തു ചെയ്യും? കളിപ്പിച്ചു, നടുറോഡിൽ കുമ്മിയടി. തമിഴ്നാട് കോയമ്പത്തൂർ സുളൂർ പൊലീസാണ് ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ യുവാക്കളടക്കമുള്ളവരെ കുമ്മിയടി കളിപ്പിച്ചത്. പൊലീസ് പരിശോധനയ്ക്കിടെയാണ് ഇരുചക്ര വാഹനങ്ങളിൽ അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ പൊലീസ് പിടികൂടിയത്. തുടർന്ന് പ്രധാന ജംഗ്ഷനിലെത്തിച്ച് കുമ്മിയടി കളിപ്പിക്കുകയായിരുന്നു. നടുവിൽ പൊലീസ് ഉദ്യോഗസ്ഥൻ നിലയുറപ്പിച്ച ശേഷം പിടിയിലായവർ ഇദ്ദേഹത്തെ വലംവച്ച് കൈകൾ കൊട്ടി കുമ്മിയടി കളിച്ചു. പാട്ടിനു പകരം 'ഇനി ഞാൻ വീട്ടിൽ തന്നെ ഇരുന്നോളം, ഒരുമണിക്ക് ശേഷം പുറത്തിറങ്ങില്ല' തുടങ്ങിയ നിർദേശങ്ങളും ഉരുവിട്ടുകൊണ്ടായിരുന്നു കളി. തമിഴ്നാട് പൊലീസിന്റെ മാതൃക ശിക്ഷാനടപടി സമൂഹമാധ്യമങ്ങളിലും വൈറൽ ആകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സേലത്ത് ലോക്ക് ഡൗൺ ലംഘിച്ച വാഹനയാത്രികരെ യോഗയും കായികാഭ്യാസ മുറകളും ചെയ്യിച്ചിരുന്നു. നേരത്തെ ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ നിരത്തിലിറങ്ങിയ വാഹനയാത്രികരോട് കൂപ്പുകൈളോടെ പൊലീസ് നിർദേശങ്ങൾ നൽകുന്ന ദൃശ്യങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം കേരളത്തിൽ, കണ്ണൂർ അഴീക്കലിൽ കൂട്ടംകൂടിയവരെ ഏത്തമിടീച്ച കണ്ണൂർ എസ്.പി. യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.