വെള്ളാവൂർ: ലോക്ക് ഡൗൺ കാലം പാഴാക്കാതെ ഓൺലൈൻ പഠനവുമായി വെള്ളാവൂർ എസ്.എൻ യു.പി സ്‌കൂൾ. മലയാളം ശരിയായി എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായാണ് എന്റെ മലയാളം നല്ല മലയാളം എന്ന പേരിൽ ഓൺലൈൻ പാഠ്യപദ്ധതി ആരംഭിച്ചത്. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസിൽ അംഗങ്ങളാണ്. രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന ക്ലാസിൽ ഏത് സമയത്തും കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാം. പദ്ധതിയിൽ രക്ഷിതാക്കളും അദ്ധ്യാപകരുടെ റോളിലാണ് പങ്കെടുക്കുന്നത്. പദ്ധതി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുമാരി പറഞ്ഞു. ഓൺലൈൻ പാഠഭാഗങ്ങൾ വാട്‌സ്ഗ്രൂപ്പ് മുഖേനയാണ് കുട്ടികളിലെത്തിക്കുന്നത്. വീഡിയോ, ചിത്രങ്ങൾ, കാർട്ടൂൺ, വായന കാർഡുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൃത്യവും ലളിതവുമായാണ് അദ്ധ്യാപകർ നിർദേശം നല്കുന്നത്. രചന പാടവം, വായനാ പരിശീലനം, സർഗാത്മകത തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ട്. എല്ലാ ദിവസവും അദ്ധ്യാപകർ കുട്ടികളുടെ നിലവാരം വിലയിരുത്തുന്നു. പി.ടി.എ മീറ്റിംഗുകളും ഓൺലൈൻ മുഖേനയാണ് നടത്തുന്നത്. രാത്രി പത്തിന് അദ്ധ്യാപകരുടെ അവലോകന യോഗത്തോടെയാണ് ഓരോദിവസവും ക്ലാസുകൾ അവസാനിക്കുന്നത്.