അടിമാലി: പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. രാജാക്കാട് എൻ.ആർ സിറ്റി വൈക്കംപടിക്ക് സമീപം സന്തോഷ് കൊന്നഞ്ഞാലിലിന്റെ വീട്ടിലാണ് സംഭവം. പുതിയ സിലിണ്ടർ ഘടിപ്പിച്ച ഉടനെയാണ് തീപിടിച്ചത്. തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മയായ സിമിക്ക് പൊള്ളലേൽക്കുകയായിരുന്നു. സിമിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കള ഉപകരണങ്ങളും കത്തിനശിച്ചു. അഗ്നിശമനാസേന തീ കെടുത്തി വാതകചോർച്ച പൂർണമായും തടഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സേനയാണ് തീ അണച്ചത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർക്ക് ഗ്യാസ് അപകടത്തെക്കുറിച്ചും തീ അണയ്ക്കുന്നതിനെ കുറിച്ചും ബോധവത്കരണ ക്ലാസ് നൽകി. അടിമാലി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഫിറോഷ് ഖാൻ, ജിൽസൻ തോമസ്, ജിനു വിൽസൺ എന്നിവർ പങ്കാളികളായി.