ആലുവ: ആലുവയിൽ നിന്ന് ഒഡീഷ സ്വദേശികളുമായി രണ്ടാമത്തെ ട്രെയിനും കുർദോ സ്റ്റേഷനിലേക്ക് യാത്രയായി. ഇന്നലെ വൈകിട്ട് 6.30നാണ് ആലുവയിൽ നിന്നും 1102 യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്.
കുർദോയിലെത്താൻ 30 മണിക്കൂർ വേണ്ടിവരും. പെരുമ്പാവൂർ മേഖലയിലെ വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്കാണ് ജില്ലാ ഭരണകൂടം യാത്രൗ സൗകര്യമൊരുക്കിയിരുന്നത്. 72 സീറ്റുകളുള്ള കമ്പാർട്ടുമെന്റാണെങ്കിലും സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് എണ്ണം കുറച്ചിട്ടുള്ളത്. ഇന്നലെ രാത്രി ഭക്ഷണത്തിനായി ചപ്പാത്തിയും കുറുമയും വെള്ളവും എല്ലാവർക്കും നൽകിയിട്ടുണ്ട്.
ഇന്നത്തെ മൂന്ന് നേരത്തേക്കുള്ള ഭക്ഷണം ട്രെയിനിൽ നിന്ന് ലഭിക്കും. ഓരോ യാത്രക്കാരനിൽ നിന്നും ഭക്ഷണച്ചെലവ് ഉൾപ്പെടെ 750 രൂപയാണ് റെയിൽവേ ഈടാക്കുന്നത്. ജില്ലാ ഭരണകൂടം എറണാകുളം ഡിവിഷൻ ഓഫീസിൽ നിന്നും നേരിട്ട് ടിക്കറ്റെടുത്ത ശേഷം ആലുവയിൽ വച്ച് യാത്രക്കാരനിൽ നിന്നും പണം വാങ്ങിയ ശേഷമാണ് ട്രെയിനിൽ കയറാൻ അവസരം നൽകിയത്.
അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ആലുവ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് എ.എ. റഹീം എന്നിവൾ ഉൾപ്പെടെ നിരവധി പേർ ഇവരെ യാത്രഅയക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടൊപ്പം ഇന്നലെ എറണാകുളത്ത് നിന്നും ബീഹാറിലെ പാറ്റ്നയിലേക്കും തിരുവനന്തപുരത്ത് നിന്നും ജാർഖണ്ഡിലെ ഹാട്ടിയയിലേക്കും അന്യസംസ്ഥാനക്കാരുമായി ട്രെയിൻ പുറപ്പെട്ടിട്ടുണ്ട്.