ഈരാറ്റുപേട്ട: 15 രൂപയുടെ ഒരു കെട്ട് ബീഡിയുടെ വില 40 രൂപ, 95 രൂപയുടെ സിഗറിറ്റിന് വില 250 രൂപ... ലോക്ക്ഡൗൺ എങ്കിലും കരിഞ്ചന്തയിൽ പുകയില ഉൽപ്പന്നങ്ങളുടെ വില്പന പൊടിപൊടിക്കുകയാണ്. ഇടനിലക്കാർ പണം വാരുമ്പോൾ നോക്കുകുത്തിയാകുന്നത് നിയമവും. ഈരാറ്റുപേട്ടയിലാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വില്പന നടക്കുന്നത്. പുലർച്ചെ മുതൽ ബീഡിയും സിഗററ്റുമായി ഇടനിലക്കാർ നഗരത്തിൽ തമ്പടിക്കും. പിന്നാലെ ആവശ്യക്കാരും എത്തും. വിലപേശലില്ല, മൂന്നിരട്ടി വിലയ്ക്ക് വാങ്ങാനും ആവശ്യക്കാർ തയാറാണ്. വില്പനയ്ക്ക് ശേഷം പകൽവെട്ടം വീഴുംമുമ്പ് ഇടനിലക്കാരും ആവശ്യക്കാരുമെല്ലാം മടങ്ങും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് പുകയില ഉല്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമെല്ലാം ആളുകൾ ഒത്തുകൂടുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

40 മുതൽ 300 വരെ

ബ്രാൻഡുകൾ അനുസരിച്ചാണ് ഇടനിലക്കാർ ബീഡിയുടെയും സിഗറിറ്റിന്റെയും വില നിശ്ചയിക്കുന്നത്. ഏത് ബ്രാൻഡിനാണോ ആവശ്യക്കാർ കൂടുതൽ, അതനുസരിച്ച് വിലയും വർദ്ധിക്കും. ഒരു പായ്ക്കറ്റ് സിഗററ്റ് 300 രൂപയ്ക്ക് പോലും വാങ്ങാൻ ആളെത്തുന്നുണ്ട്.

(യഥാർത്ഥ വില) (കരിഞ്ചന്തയിൽ)

ബീഡി: 15 രൂപ 40 രൂപ

സിഗററ്റ്: 80 മുതൽ 110 250 മുതൽ 300 വരെ