കോട്ടയം : കോട്ടയം നഗരത്തിലെയും ചങ്ങനാശേരിയിലെയും മാർക്കറ്റുകൾ അടച്ചതോടെ ജില്ലയിലുണ്ടായ ഭക്ഷ്യക്ഷാമം മുതലെടുത്ത് കൊള്ളവിലയുമായി ഗ്രാമീണമേഖലയിലെ ചെറുകിട കച്ചവടക്കാർ. 45 നും 46 നും മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന അരി 60 രൂപയ്‌ക്ക് വരെയാണ് ഇപ്പോൾ വിൽക്കുന്നത്. ഇത് സംബന്ധിച്ചു പരിശോധിക്കാനും പരാതി നൽകാനും ആരും തയ്യാറായിട്ടില്ല. 22 ന് കോട്ടയത്തെ മാർക്കറ്റും, രണ്ടുദിവസത്തിനു ശേഷം ചങ്ങനാശേരി മാർക്കറ്റും അടച്ചിരുന്നു. ഇതോടെ ഗ്രാമീണമേഖലകളിലേയ്‌ക്ക് അവശ്യവസ്‌തുക്കൾ എത്താതായി.

ഇതോടെയാണ് നേരത്തെ വാങ്ങി വച്ചിരുന്ന സാധനങ്ങൾ അമിത വിലയ്‌ക്ക് വില്പന ആരംഭിച്ചത്. അതിരമ്പുഴ, മാങ്ങാനം, വില്ലൂന്നി, ആർപ്പൂക്കര പ്രദേശങ്ങളിലെ കടകൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സിവിൽസപ്ലൈസ് വകുപ്പിൽ അടക്കം നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഇന്ന് കോട്ടയം മാർക്കറ്റ് തുറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സാധനങ്ങൾ എത്തുന്നത് കുറയുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഇത് വീണ്ടും ഗ്രാമീണമേഖലകളിൽ വില വർദ്ധിക്കാൻ ഇടയാക്കും.

തുറക്കുന്ന മാർക്കറ്റുകളിൽ

പരിശോധന കർശനമാക്കും

കോട്ടയത്തെ പച്ചക്കറി, പലചരക്ക് മാർക്കറ്റുകൾ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. മാർക്കറ്റിലെത്തുന്നവരെ മുഴുവൻ പരിശോധിക്കും. കഴിഞ്ഞ ദിവസം മാർക്കറ്റ് തുറന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഹോട്ടലുകൾക്കും പ്രതിസന്ധി

നിലവിൽ ഹോട്ടലുകൾക്ക് പാഴ്‌സൽ നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ, കോട്ടയം നഗരത്തിലെയും, ചങ്ങനാശേരിയിലെയും മാർക്കറ്റുകൾ അടച്ചതോടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ സാധിക്കാതെ വന്നതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായി.

പരിശോധന കർശനമാക്കും

അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഉണ്ണിക്കൃഷ്ണൻ, ജില്ലാ സപ്ലൈഓഫീസർ