ചങ്ങനാശേരി: വാഴൂർ റോഡിൽ പാറേൽ പള്ളിക്കു സമീപം പലചരക്ക് കട കത്തിനശിച്ചു. കാവാലം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കേച്ചേരിൽ സണ്ണി ആന്റണിയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് - പച്ചക്കറി കടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. കടയിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തെ റിലയൻസ് പമ്പിലെ ജീവനക്കാർ ചങ്ങനാശേരി അഗ്നിശമനസേനയെ വിവരം അറിയിച്ചു. സേന എത്തിയെങ്കിലും കട പകുതിയിലേറെ കത്തിനശിച്ചിരുന്നു. രാവിലെ 7ന് എത്തിയ പാൽ പായക്കറ്റുകൾ കടയുടമ കടതുറന്ന് ഫ്രീസറിൽ വെച്ച് മടങ്ങിയശേഷമാണ് തീപിടിത്തമുണ്ടായത്. കടയിലെ പലചരക്ക് സാധനങ്ങൾ, ഫ്രിഡ്ജ്, ഇൻവെർട്ടർ, ഫ്രീസറടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാവാം അഗ്‌നിബാധയ്ക്കു കാരണമെന്ന് സംശയിക്കുന്നു.