
കുമരകം: ലോക്ക് ഡൗൺ കാലത്ത് കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ചുണക്കുട്ടികൾ വെറുതെ സമയം പാഴാക്കില്ല. സാങ്കേതിക വിദ്യകളെ പൂർണമായും ഉപയോഗിച്ച് കൊവിഡിനെതിരായ പോരാട്ടത്തിലാണ് ഇവിടുത്തെ എൻ.സി.സി കേഡറ്റുകൾ.
നാട്ടിലുള്ള അഞ്ഞൂറോളം പേർക്ക് ആരോഗ്യ സേതു ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ കേഡറ്റുകളുടെ പ്രവർത്തനത്തിലൂടെ സാധിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പോസ്റ്റുകൾ തയാറാക്കി നവമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്തു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് അംഗങ്ങൾ യൂണിഫോമിൽ കഴിഞ്ഞ മാസം അഞ്ചിന് രാത്രി ഒമ്പതിന് ഐക്യദീപം തെളിച്ചു. ലോക്ക് ഡൗണിലെ വിരസതയകറ്റാൻ കൗമാരക്കാർക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു. കൊവിഡ് പ്രതിരോധമെന്ന ആശയം മുൻനിറുത്തി ചിത്രരചനാ മത്സരം സംഘടിപ്പിച്ചതും എല്ലാവർക്കും പുത്തനുണർവായി. പരിപാടികളിൽ പങ്കെടുത്തവർക്ക് പൂർവ വിദ്യാർത്ഥി പ്രതിഭ കേശവൻ സമ്മാനം വാഗ്ദാനം ചെയ്തതും കുട്ടിക്കൂട്ടത്തിന് ആവേശമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച് തയാറാക്കിയ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായി. പൂർണമായും മൊബൈൽ ഫോണിന്റെ സഹായത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ എൻ.സി.സി ന്യൂസ് ബുള്ളറ്റിൻ കുട്ടികളുടെ വിവര സാങ്കേതിക വിദ്യയിലുള്ള ആഴം വെളിവാക്കി. തുടർപ്രവർത്തനമെന്ന നിലയിൽ കേഡറ്റുകൾ മാതാപിതാക്കളുടെ സഹായത്തോടെ രണ്ടായിരം മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്യും. എൻ.സി.സി ഓഫീസർ കെ.എസ്.അനീഷ്, കേഡറ്റുകളായ കാർത്തിക്, കാർത്തിക, ഹരികൃഷ്ണ, ഗോകുൽ, സീനമെറിൻ, നന്ദന, ആശ്വിൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.