പാലാ: കഴിഞ്ഞ ആറു മാസക്കാലം പാലായുടെ ക്രമസമാധാനപാലനം ഈ ഉശിരൻ കമാൻഡോയുടെ കൈകളിലായിരുന്നുവെന്ന് ആരും അറിഞ്ഞില്ല; പാലാ എസ്.ഐ പി.ജെ. കുര്യാക്കോസ് ഇന്നലെ സ്ഥലം മാറിപ്പോകും വരെയും. പാലാ പൊലീസ് സ്റ്റേഷന്റെ ചരിത്രത്തിലെ ആദ്യ കമാൻഡോ എസ്.ഐയായിരുന്നൂ ഈ പെരുമ്പാവൂരുകാരൻ.

മാവോയിസ്റ്റുകളുടെയും നക്‌സലൈറ്റുകളുടെയും തട്ടകമായിരുന്ന മലപ്പുറം നിലമ്പൂർ വനമേഖലകളിൽ 'തണ്ടർ ബോൾട്ട് ' കമാൻഡോ സംഘത്തെ നയിച്ച സ്റ്റേഷൻ ഓഫീസറായിരുന്നു കുര്യാക്കോസ്. പ്രത്യേക കമാൻഡോ പരിശീലനത്തിലൂടെ രണ്ടര വർഷത്തോളം മലപ്പുറം നിലമ്പൂർ കാടുകളിൽ സേവനമനുഷ്ഠിച്ചു. 9 മാസം മുമ്പ് മേലുകാവ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റംകിട്ടി. അവിടെ നിന്ന് പാലാ പൊലീസ് സ്റ്റേഷനിലേക്ക്. എക്‌സൈസിൽ നിന്ന് പോലീസിലെത്തി, എസ്. ഐയും കമാൻഡോയുമായ കുര്യാക്കോസിന് എറണാകുളം റൂറലിലേക്കാണ് സ്ഥലം മാറ്റം. സൗമ്യമായ പെരുമാറ്റം വഴി കീഴുദ്യോഗസ്ഥരുടെയും മേലുദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയുമൊക്കെ സ്‌നേഹാദരങ്ങൾ പിടിച്ചുപറ്റിയാണ് പി.ജെ. കുര്യാക്കോസ് സ്വന്തം ജില്ലയിലെ സേവനത്തിനായി സ്ഥലം മാറിപ്പോയത്.