എലിക്കുളം: യുവകർഷകനായ കാരക്കുളം വെട്ടത്ത് ജിബിൻ ജോസ് ലോക്ക്ഡൗൺ കാലത്ത് സഹായവുമായി നാടിനൊപ്പം. നിരാലംബരായ ആളുകളെ എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ്'പെരുമനങ്ങാടിന്റെ സഹായത്തോടെ കണ്ടെത്തി സഹായമെത്തിക്കുകയാണിദ്ദേഹം.വീടുകളിൽ അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും, അവശ്യമരുന്നുകളും എത്തിച്ചു നല്കി. ഏകദേശം ഒരു ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു. എലിക്കുളം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ അരിക്ഷാമം വന്നപ്പോഴും സഹായവുമായെത്തി. ജന്മദിനത്തിലെ ആഘോഷ പരിപാടികൾ മാറ്റി വച്ച് സമൂഹ അടുക്കളയിലേക്ക് ആവശ്യമുള്ള അരി ജിബിൻ നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, മാത്യൂസ് പെരുമനങ്ങാട്, വീവൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, കുടുംബശ്രീ അംഗം ലീല ആർ.നായർ എന്നിവർ ചേർന്ന് അരി ഏറ്റുവാങ്ങി. ജിബിന് പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.