pic

കോട്ടയം: റെഡ് സോണിലുള്ള കോട്ടയത്ത് നിബന്ധനകളോടെ ഇളവുകൾ അനുവദിച്ചതോടെ ജനങ്ങൾ റോഡിലിറങ്ങി. കർശന നടപടികളുമായി പൊലീസ് രംഗത്ത് എത്തിയതോടെ മിക്കവരും പിൻവാങ്ങി.നിയന്ത്രണങ്ങളോടെ കോട്ടയം മാർക്കറ്റ് തുറന്നതോടെ കാറുകളും ബൈക്കുകളും കൂട്ടത്തോടെ ഇന്ന് പുലർച്ചെ എത്തിയത് പൊലീസിന് തലവേദനയായി. കർശന നടപടി സ്വീകരിച്ചതോടെ ചിലർ പൊലീസിനുനേരെ തട്ടിക്കയറി. എല്ലാം സഹിച്ച് പൊലീസ് നിയന്ത്രണം കടുപ്പിച്ചതോടെ ആളുകൾ വാഹനങ്ങളിൽതന്നെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

ഗ്രാമപ്രദേശങ്ങളിലെ കടകൾക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തിക്കുന്നതിനാണ് മാർക്കറ്റ് തുറന്നത്. അതുപോലെ തമിഴ്നാട്ടിൽ നിന്നും മറ്റും എത്തിയ ഹോൾസെയിൽ കടകളിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങലും വെളുപ്പിന് തന്നെ കടകളിൽ ഇറക്കിയിരുന്നു. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ചുമട്ടുതൊഴിലാളികളാണ് ചരക്ക് ഇറക്കിയത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇപ്പോൾ 18 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം ഇവരിൽ നിന്ന് എടുത്ത സ്രവപരിശോധനയിൽ 10 പേരുടെയും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. ഇന്നലെ ആരെയും കോട്ടയം ജില്ലയിൽ നിന്നും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല. രോഗമുണ്ടെന്ന് സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച കഞ്ഞിക്കുഴി സ്വദേശിയുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ജില്ലയിലെ 20 ഹോട്ട്സ്പോട്ടുകളിൽ ഇളവുകളില്ല. ഹോട്ട്സ്പോട്ടുകളിൽ നിരീക്ഷണം ശക്തമായിതന്നെ തുടരുകയാണ്.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഒളിച്ചുകടക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തിൽ കർശന പരിശോധനയാണ് തുടരുന്നത്. എന്നാൽ പരിശോധനാഫലം തൃപ്തികരമാണെങ്കിൽ ആളുകളെ കേരളത്തിലേക്ക് കടക്കുന്നതിലുള്ള നിരോധനം ലഘുകരമാക്കി. കുമളി ചെക്ക്പോസ്റ്റിലൂടെ മാത്രമേ ഇടുക്കിയിലേക്ക് ആളുകൾക്ക് കടക്കാനാവു. കേരള അതിർത്തിയോട് തൊട്ടുകിടക്കുന്ന തേനി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതോടെ അവിടെകൂടെ ആളുകളെ കേരളത്തിലേക്ക് എത്തിക്കുന്നതിൽ തേനി കളക്ടർ റെഡ്കാർ‌ഡ് കാട്ടിയിരിക്കയാണ്. ഇടുക്കിജില്ലയിലെ ശാന്തൻപാറ ഹോട്ട്സ്പോർട്ടായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലയിലും ഇന്നലെ ആരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല.