liquor-

കോട്ടയം: കുടിയന്മാരെ നിരാശപ്പെടുത്തി കേരള സർക്കാർ. ''ഇപ്പോൾ തുറക്കും, നാളെ തുറക്കും'' എന്നുപറഞ്ഞ് മോഹിപ്പിച്ച കേരള സർക്കാർ അവസാനം കാലുമാറി എന്നുപറഞ്ഞാണ് കുടിയന്മാർ വിലപിക്കുന്നത്. കോവിഡ്-19 പടർന്നുപന്തലിച്ച പല സംസ്ഥാനങ്ങളും ബിവറേജസ് കടകൾ തുറന്നപ്പോഴാണ് കോവിഡിനെ പരാജയപ്പെടുത്തിയ കേരളം ഇങ്ങനെയൊരു തീരുമാനമെടുത്തതിലാണ് കുടിയന്മാരുടെ പരിതാപം.

ധനമന്ത്രി തോമസ് ഐസക്ക് പലപ്രാവശ്യം മദ്യഷോപ്പുകൾ തുറക്കേണ്ടതിന്റെ ആവശ്യകത തുറന്നുപറഞ്ഞതോടെ ഇപ്പോൾതന്നെ മദ്യഷോപ്പുകൾ തുറക്കുമെന്ന് കുടിയന്മാർ ഉറപ്പിച്ചു. വീണ്ടും വിഷ്യൽ മീഡിയയിൽ മന്ത്രി പ്രത്യക്ഷപ്പെട്ട് തുറക്കേണ്ടതിന്റെ കാരണവും ആവശ്യകതയും വ്യക്തമാക്കുകയും ചെയ്തു. മദ്യം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത കുടിയന്മാരുടെ എണ്ണവും വിശദവിവരങ്ങളും വെളിപ്പെടുത്തിയായിരുന്നു മന്ത്രിയുടെ കുടിയന്മാർക്കായി കാര്യങ്ങൾ വിശദമാക്കിയത്. പക്ഷേ,....

എന്നാൽ കുടിയന്മാരെ നിരാശപ്പെടുത്താൻ പറ്റില്ലല്ലോ.

കോട്ടയത്ത് ഏത് ബ്രാണ്ട് വിദേശമദ്യം വേണമെങ്കിലും കിട്ടും. പക്ഷേ, പോക്കറ്റ് കാലിയെന്നുമാത്രം. 690 രൂപ വില വരുന്ന ഒരു ലിറ്റർ എം.സി.ബിക്ക് വില 3,500 മുതൽ 4,000 രൂപ വരെ. ഇത് എവിടെനിന്നും വരുന്നുവെന്നത് അറിയാൻ സാധിക്കുന്നില്ല. ചാരായവും റെഡി. ഒരു ലിറ്ററിന് 3,000 രൂപയാണ് ചാരായത്തിന് വില. ചൂടപ്പം പോലെയാണ് ചാരായവും വിദേശമദ്യവും വിറ്റഴിക്കുന്നത്. ആരു ചെന്നാലും കിട്ടും എന്ന് കരുതേണ്ട. അറിയാവുന്നവർക്കു മാത്രമേ ചാരാവും വിദേശമദ്യവും നല്കുകയുളളു. രഹസ്യ താവളം എവിടെയാണെന്ന് പോലും പറയില്ല. മൊബൈലിൽ വിളിച്ചുപറഞ്ഞാൽ നില്ക്കുന്ന സ്ഥലത്ത് ഏതുബ്രാണ്ട് വിദേശമദ്യവും ചാരായവും എത്തിച്ചുനല്കും.

അതേസമയം ഇന്നലെ ഏററുമാനൂരിലും ചങ്ങനാശേരിയും വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് പാർട്ടി റെയ്ഡ് നടത്തി കോടയും ചാരായവും പിടിച്ചെടുത്തു. വീടിനുള്ളിൽ ചാരായം വാറ്റിയിരുന്ന വില്ലൂന്നി കാരയ്ക്കൽ ദിലീപിനെയാണ് (34) ഏറ്റുമാനൂർ എക്സൈസ് പിടികൂടിയത്. ചാരായം ഇയാൾ വിറ്റിരുന്നത് ലിറ്ററിന് 2,000 രൂപയ്ക്കായിരുന്നുവെന്ന് ഇയാൾ സി.ഐ റെജിയോട് പറഞ്ഞു. ചങ്ങനാശേരി എക്സൈസ് റേഞ്ച് കുറിച്ചിയിൽ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ ആതിരഭവനിൽ ജയന്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടിച്ചെടുത്തു. പ്രഷർകുക്കറിലായിരുന്നു വാറ്റ്.