കോട്ടയം : കൊവിഡ് അവധിക്കാലം അടിച്ചു പൊളിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനവും പരീക്ഷയുമായി 'നല്ലനടപ്പിന്' തുനിഞ്ഞിറങ്ങിയ ടീച്ചർമാർക്ക് 'എട്ടിന്റെ പണി ' നൽകി വിരുതന്മാരായ കുട്ടികൾ ! കൊവിഡ് നിയന്ത്രണം അവസാനിക്കുമ്പോൾ ഏതാണ്ട് ഒരു അദ്ധ്യയന കാലം കഴിയുമെന്നതിനാൽ കുട്ടികളെ പഠനത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് മിക്ക മുന്തിയ സ്വകാര്യ സ്കൂളിലും ഓൺലൈൻ പഠനം തുടങ്ങിയിരുന്നു. (സർക്കാർ സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല)
കോട്ടയത്തെ ഒരു പ്രമുഖ സ്കൂളിൽ ഓരോ ഡിവിഷനിലെ കുട്ടികൾക്കുമായി ക്ലാസ് ടീച്ചർമാരുടെ വക വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഡിവിഷനും സ്കൂളിന്റെ പേരും വച്ചും തുടങ്ങിയ ഗ്രൂപ്പിൽ രക്ഷകർത്താക്കളായിരുന്നു അംഗങ്ങൾ. അഡ്മിൻ ക്ലാസ് ടീച്ചറും. മാതാപിതാക്കൾ ഫോണിലെ പുതിയ ഗ്രൂപ്പ് നോക്കിയില്ലെങ്കിലും കുട്ടികൾ നോക്കി. പിന്നെ അവർ ഗ്രൂപ്പിൽ പരസ്പരം കൂട്ടുകാരുടെ വിശേഷം തിരക്കലായി. സിനിമ ചർച്ചയായി, ടിക് ടോക്കും ,തേപ്പും മറ്റു പല പോസ്റ്റുകളുമായി. ഇതെല്ലാം കണ്ട് ടീച്ചർമാർ ഞെട്ടി. രക്ഷകർത്താക്കളറിയാതെ ചില വീരന്മാർ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായി.
കാര്യങ്ങൾ കൈവിട്ടെന്ന് മനസിലായതോടെ ക്ലാസ് ടീച്ചർ പോസ്റ്റുകൾ ഒൺലി അഡ്മിനാക്കി. കുട്ടികളുടെ കാര്യത്തിൽ രക്ഷകർത്താക്കൾക്ക് നിർദ്ദേശം തരികയെന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ശബ്ദസന്ദേശവുമിട്ടു. കാര്യങ്ങൾ ആന്റി ക്ലൈമാക്സിലെത്തിയപ്പോഴാണ് മൊബൈൽ നോക്കാതിരുന്ന ചില രക്ഷകർത്താക്കൾ ക്ലാസ് ടീച്ചർ ഇങ്ങനൊരു ഗ്രൂപ്പ് തുടങ്ങിയ വിവരം അറിയുന്നത്.
രക്ഷകർത്താക്കൾ ഔട്ട്, കുട്ടികൾ അംഗങ്ങൾ
മറ്റൊരു സ്കൂളിൽ ഇതു പോലുണ്ടാക്കിയ ഗ്രൂപ്പിൽ രക്ഷകർത്താക്കൾക്ക് പകരം കുട്ടികളായിരുന്നു അംഗങ്ങൾ. ഗ്രൂപ്പിലൂടെ ടീച്ചർ കണക്ക് പരീക്ഷ നടത്തി. 20 മിനിറ്റായിരുന്നു പരീക്ഷാ സമയം അതിനകം മുഴുവൻ ഉത്തരങ്ങളും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാത്തവർ തോൽക്കും. കുട്ടികൾ മറ്റുള്ളവരുടെ സഹായം തേടാതെ ഉത്തരം കണ്ട് പിടിക്കാനായിരുന്നു 20 മിനിറ്റ് സമയം നൽകിയത്. ഈ സമയത്തിനുള്ളിൽ മുഴുവൻ കുട്ടികളും ഉത്തരം പോസ്റ്റ് ചെയ്തു. എല്ലാവരും മുഴുവൻ മാർക്കും നേടിയതോടെ കണ്ണു തള്ളിയ ടീച്ചർ കൊവിഡ് കാലത്ത് ഇനി പരീക്ഷ വേണ്ടെന്നു വച്ചിരിക്കുകയാണ്.