മണിമല : സാധാരണക്കാർക്കായി ജീവിതം മാറ്റിവച്ച ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ആർ.ശ്രീധരൻ നായരുടെ ഒന്നാം ചരമവാർഷിക ദിനവും പാവപ്പെട്ടവരുടെ മനസ് നിറച്ചു. എൻ.ആറിന്റെ ഓർമദിനത്തിൽ കുടുംബാംഗങ്ങൾ 300 പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. പ്രവർത്തകരാവട്ടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടാണ് പ്രിയനേതാവിനോടുള്ള ആദരവറിയിച്ചത്. ലഭിക്കുന്ന മുഴുവൻ പച്ചക്കറിയും പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. സി.പി.ഐ മുൻ ജില്ലാ എക്സിക്യുട്ടീവ് അംഗവും മണിമല പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീധരൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനം വെറും അനുസ്മരണത്തിന് അപ്പുറം നാടിന് മാതൃക കൂടിയായി. എൻ.ആറിന്റെ സ്മൃതി കുടീരത്തിൽ നടന്ന അനുസ്മരണ ചടങ്ങിന് ശേഷമാണ് ഭാര്യ എം.കെ.സരസമ്മ പച്ചക്കറി കിറ്റുകൾ സംസ്ഥാന കമ്മിറ്റി അംഗം ഒ.പി.എ സലാം, ലോക്കൽ സെക്രട്ടറി എസ്.ബിജു എന്നിവരെ ഏൽപ്പിച്ചത്. പിന്നാലെയാണ് ആലപ്രയിലും കരിക്കാട്ടൂരുായി ജൈവപച്ചക്കറി കൃഷി തുടങ്ങിയത്. 60 സെന്റ് സ്ഥലത്ത് പാവലും കോവലും പയറും പാവയ്ക്കും വഴുതനയും വെണ്ടയ്ക്കയുമൊക്കെ ഇനി മുളച്ചു പൊന്തും. തുടർന്നും ഇവിടെ കൃഷി ചെയ്യാനാണ് തീരുമാനം.