കോട്ടയം : ലോക്ക് ഡൗൺകാലത്ത് നിരാശയുടെ വക്കിലാണ് ഡ്രൈവിംഗ് സ്കൂൾ ആശാന്മാർ. ഡ്രൈവിംഗ് പരിശീലനം പൂർണമായും ബ്രേക്ക് ഡൗണായി. അവധിക്കാലമായതിനാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ടിയിരുന്നതാണ്. ലോക്ക് ഡൗൺ പ്രഖ്യാപത്തിനത്തോടെ ഒന്നരമാസമായി മേഖല പൂർണമായും സ്തംഭിച്ചു. വണ്ടിയുടെ സി.സി, നികുതി, ഓഫീസ് കെട്ടിട വാടക, സ്റ്റാഫിന്റെ ശമ്പളം തുടങ്ങിയ ചെലവുകൾ പോലും കൈയിൽ നിന്നെടുക്കണം. സാധാരണ അവധിക്കാലത്ത് നിന്ന് തിരിയാൻ നേരമില്ലാത്തതാണെങ്കിലും ഇക്കുറി വണ്ടി വെറുതെ ഷെഡിൽ കിടക്കുകയാണ്. ക്ഷേമനിധി ഇല്ലാത്തതിനാൽ അത്തരം ആനുകൂല്യങ്ങളും ലഭിക്കില്ല.

 400 ഡ്രൈവിംഗ് സ്കൂൾ

ജില്ലയിൽ നാനൂറ് ഡ്രൈവിംഗ് സ്കൂളുകളിലായി ആയിരത്തോളം ജീവനക്കാരുടെ ഉപജീവനം തേടുന്നുണ്ട്. ഇവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. വെറുതെ കിടന്ന് വാഹനങ്ങൾ കേടാകുകയാണ്. ലോക്ക് ഡൗൺ പിൻവലിച്ചാലും ഇവയുടെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കാൻ വൻതുക വേണ്ടിവരും.

പ്രതിസന്ധിയിങ്ങനെ

 വാഹനങ്ങളുടെ ലോൺ, മറ്റു ലോണുകൾ ഇവയെല്ലാം മുടങ്ങി

 ഇരുചക്രവാഹനങ്ങൾ അടക്കം ഉപയോഗിക്കാതെ കേടായി

'' ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവർക്കായി പ്രത്യേക ക്ഷേമനിധി രൂപീകരിക്കണം. ലോക്ക് ഡൗണിന് ശേഷം നിലവിൽ ലേണേഴ്സ് ലൈസൻസുള്ളവരുടെ ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കണം ''

വി.എസ് ഓമനക്കുട്ടൻ, (ജില്ലാ പ്രസിഡന്റ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ )​