പത്ത് ദിവസത്തിന് ശേഷം കോട്ടയം മാർക്കറ്റ് തുറന്നു

കോട്ടയം : പത്തു ദിവസത്തെ കർശന നിയന്ത്രണത്തിന് ശേഷം കോട്ടയം മാർക്കറ്റ് തുറന്നിട്ടും തെല്ലും ജാഗ്രതയില്ലാതെ നാട്ടുകാർ. സർക്കാർ ഉത്തരവിലെ അവ്യക്തതയെ തുടർന്ന് കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളുമായി കോട്ടയം നഗരത്തിലിറങ്ങി. അതും റെഡ് സോണിലാണെന്ന ഒരു കൂസലുമില്ലാതെ. ഇതോടെ പൊലീസിനും പിടിപ്പത് പണിയായിരുന്നു.

മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഏപ്രിൽ 23 നാണ് മാർക്കറ്റ് അടച്ചത്. ഇന്നലെ തുറന്നെങ്കിലും മൊത്ത വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അനുമതി. പുലർച്ചെ 4 മുതൽ 6 വരെ പഴം, പച്ചക്കറി, മത്സ്യ ലോറികൾക്കും 6 മുതൽ 8 വരെ പലചരക്ക് സാധനങ്ങളുമായി വന്ന ലോറികൾക്കുമാണ് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ, കോടിമതയിൽ നിന്ന് മാർക്കറ്റിനുള്ളിലേയ്‌ക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വ്യാപാരികളുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നത്. വ്യാപാരികളാണ് ലോറി ഡ്രൈവർമാരുടെ ശരീരോഷ്‌മാവ് പരിശോധിച്ചതും, വിവരങ്ങൾ രേഖപ്പെടുത്തിയതും. ശരീരോഷ്‌മാവ് കൂടുതലാണെന്ന് കണ്ടെത്തിയ ഒരാളെ ആരോഗ്യപ്രവർത്തകർ എത്തും വരെ ഹെൽപ്പ് ഡെസ്‌കിൽ നിറുത്തിയിരിക്കുകയായിരുന്നു.

നഗരസഭ , പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെയുണ്ട്. വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങൾ, ലോഡ് ഇറക്കുന്ന സ്ഥാപനം, അനുവദിക്കപ്പെട്ടിട്ടുള്ള സമയം എന്നിവ രേഖപ്പെടുത്തിയശേഷം ഇതേ വിവരങ്ങൾ അടങ്ങിയ പാസ് ജീവനക്കാർക്ക് നൽകും. ലോറി അണുവിമുക്തമാക്കിയ ശേഷമാണ് കടത്തിവിട്ടത്.

ഉത്തരവ് കുഴപ്പത്തിലാക്കി

ഇന്നലെ പുറത്തു വന്ന ഉത്തരവ് പ്രകാരം കോട്ടയം മാർക്കറ്റ് തുറന്നു പ്രവർത്തിക്കുമെന്ന് മാത്രമാണ് അറിയിച്ചിരുന്നത്. ഇത് കണ്ട് ആളുകൾ കൂട്ടത്തോടെ മാർക്കറ്റിലേയ്‌ക്ക് എത്തി. തിരക്കേറിയതോടെ 11 മുതൽ മൊത്ത വ്യാപാരശാലകളിൽ നിന്ന് ചില്ലറ വ്യാപാരികൾക്ക് സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. ഇന്നും നിയന്ത്രണങ്ങൾ തുടരും. ലോറികളിലെ ജീവനക്കാർക്ക് ഭക്ഷണം ഹോട്ടലുകളിൽനിന്ന് പാഴ്‌സലായി എത്തിക്കുന്നതിന് വ്യാപാരികൾ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പച്ചക്കറി മാർക്കറ്റിൽ ഒരു ബ്ലോക്കിലെ ടോയ്‌ലെറ്റുകൾ പൂർണമായും ഇവർക്കായി മാറ്റിവച്ചിട്ടുണ്ട്.

മാസ്‌കില്ല തോന്നും പടി യാത്ര

മാസ്ക് പോലും ധരിക്കാതെയാണ് പലരും വാഹനങ്ങളിലെത്തിയത്. പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായി.