പാലാ: 'ഈ മാസവും ഒരു പ്രഭാഷണത്തിനായി ചൈനയിലെ വുഹാനിലേക്ക് എനിക്ക് പോകേണ്ടതായിരുന്നു. പക്ഷേ കൊവിഡ് പണി പറ്റിച്ചു. എന്തായാലും അവിടുത്തെ എന്റെ സുഹൃത്തുക്കളൊക്കെ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞു, വളരെ സന്തോഷം ' ആസാമിലെ ഗുവാഹട്ടി മുൻ ആർച്ച് ബിഷപ്പും മലയാളിയുമായ മാർ ഡോ. തോമസ് മേനാംപറമ്പിൽ വാചാലനായി.
ഏഷ്യൻ സംസ്‌ക്കാരത്തേയും ഭാരതീയ സാംസ്‌ക്കാരിക പൈതൃകങ്ങളെയും മൂല്യങ്ങളെയും കുറിച്ച് ചൈനയിലെ വുഹാൻ, ഹ്യൂബെയ് യൂണിവേഴ്‌സിറ്റികളിൽ ഉൾപ്പെടെ പല തവണ പ്രഭാഷണം നടത്തിയിട്ടുണ്ട് ഡോ. തോമസ് മേനാമ്പറമ്പിൽ . വുഹാൻ സർവകലാശാലയിൽ വൈസ് ചാൻസിലറായിരുന്ന ഡോ. വുയാങ് ഛാനുമായി അടുത്ത സൗഹൃദമാണുള്ളത്. ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം കൂടിയായ വുഹാനിലാണ് ഡോ. വുയാങ് താമസിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ട വിവരമറിഞ്ഞ് പലതവണ ഡോ.വുയാങ് ഛാനുമായി ഇ മെയിൽ വഴി ബന്ധപ്പെട്ടിരുന്നതായി ആർച്ച് ബിഷപ്പ് മേനാമ്പറമ്പിൽ പറഞ്ഞു.
'ആദ്യമൊക്കെ സ്ഥിതിഗതികൾ വളരെ മോശമായിരുന്നു. ഇപ്പോൾ നില മെച്ചപ്പെട്ടുവെന്നും താനും സുഹൃത്തുക്കളുമാക്കെ സുഖമായിരിക്കുന്നതായും അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു. ' ഡോ. മേനാമ്പറമ്പിൽ പറഞ്ഞു.
അഞ്ചു വർഷം മുമ്പ് ഹ്യൂബെയ് യൂണിവേഴ്‌സിറ്റി 'എക്‌സലന്റ് പ്രൊഫസർ' പദവി കൊടുത്ത് ഡോ. തോമസ് മേനാമ്പറമ്പിലിനെ ആദരിച്ചിരുന്നു. ചൈനയിലെ നാലു യൂണിവേഴ്‌സിറ്റികളിൽ ഇപ്പോഴും വിസിറ്റിംഗ് പ്രൊഫസറാണ് 84കാരനായ ഇദ്ദേഹം. പാലാ വെള്ളിയേപ്പള്ളി മേനാമ്പറമ്പിൽ പാപ്പച്ചൻ അന്നമ്മ ദമ്പതികളുടെ 12 മക്കളിൽ ഏറ്റവും മൂത്തയാളാണ് ഡോ.തോമസ് മേനാമ്പറമ്പിൽ.
55 വർഷം മുമ്പ് വൈദികനായി.പിന്നീട് ആസ്സാമിലെ ഗുവാഹട്ടി ആർച്ച് ബിഷപ്പായി ദീർഘകാലം പ്രവർത്തിച്ചു. ഈ ഉന്നത സ്ഥാനത്തു നിന്ന് വിരമിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ മാണ്ഡ്യ രൂപതയിലെ ബിഷപ്പായും മാർപ്പാപ്പാ ഇദ്ദേഹത്തെ നിയോഗിച്ചു. ആർച്ച് ബിഷപ്പായിരുന്ന ആൾ വിരമിച്ച ശേഷം പിന്നീട് ബിഷപ്പായും നിയോഗിക്കപ്പെട്ടത് ലോക ക്രൈസ്തവ സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു.