കോട്ടയം : ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാമ്പിൾ കളക്ഷൻ യൂണിറ്റ് ഇന്ന് പ്രവർത്തനമാരംഭിക്കും. സമൂഹവ്യാപന സാദ്ധ്യത പരിശോധിക്കുന്നതിനുള്ള സർവൈലൻസ് സാമ്പിൾ ശേഖരണത്തിനാണ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തുന്നത്. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിൽ നിലവിലുള്ള കിയോസ്‌കുകളുടെ മൊബൈൽ പതിപ്പാണിത്. രാവിലെ 11 ന് കളക്ടറേറ്റ് വളപ്പിൽ കളക്ടർ പി.കെ. സുധീർ ബാബു ഫ്‌ളാഗ് ഒഫ് ചെയ്യും. രോഗലക്ഷണങ്ങളില്ലാത്ത വയോജനങ്ങൾ, ഗർഭിണികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരുടെ സാമ്പിളുകളാണ് ജില്ലയിലെ പ്രാദേശിക സർക്കാർ ആശുപത്രികളിൽ വാഹനം എത്തിച്ച് ശേഖരിക്കുക. ഡോക്ടറും സഹായിയും ഡ്രൈവറുമാണ് വാഹനത്തിലുണ്ടാകുക. സാമ്പിൾ ശേഖരിക്കുന്ന ആശുപത്രിയിൽ എത്തുമ്പോൾ സഹായി പുറത്തിറങ്ങി പി.പി.ഇ കിറ്റ് ധരിച്ച് പരിശോധനയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വാഹനത്തിന്റെ സൈഡ് ഗ്ലാസിൽ ഘടിപ്പിച്ച ഗ്ലൗസിലൂടെ കൈകൾ കടത്തി ഡോക്ടർ സാമ്പിൾ ശേഖരിച്ച് സഹായിക്ക് കൈമാറും. ഓരോ സ്ഥലത്തും സാമ്പിൾ ശേഖരണത്തിനു മുൻപ് വാഹനം അണുനശീകരണം നടത്തുകയും സഹായിയായ ജീവനക്കാരൻ പുതിയ പി.പി.ഇ കിറ്റും ധരിക്കും. ഓരോ സാമ്പിളും ശേഖരിച്ചശേഷം വാഹനവും ഗ്ലൗസും അണുവിമുക്തമാക്കും. വാഹനത്തിൽ മൈക്രോഫോണും സജ്ജീകരിച്ചിട്ടുണ്ട്.