തകർന്നത് 14 വീടുകൾ
വ്യാപക കൃഷിനാശം
പാലാ: കഴിഞ്ഞദിവസം മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കൊടുങ്കാറ്റിൽ മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പളളി ഭാഗത്ത് തകർന്നത് 14 വീടുകൾ.ഒരു വീട് പൂർണമായും മറ്റുള്ളവ ഭാഗികമായും തകർന്നു. പ്രദേശത്ത് റബർ തോട്ടം ഉൾപ്പടെയുള്ള കൃഷിയിടങ്ങളും നശിച്ചു. വൻമരം കടപുഴകി വീണ് പലയിടത്തും ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.ഞായറാഴ്ച വൈകിട്ട് 7.30 ഓടെയാണ് മുത്തോലി ഗ്രാമപഞ്ചായത്ത് 3,6,7, 9,10,11 വാർഡുകളിലും നഗരസഭ 13ാം വാർഡിലും കാറ്റ് താണ്ഡവമാടിയത്.
വെള്ളിയേപ്പള്ളി കണ്ണച്ചാംകന്നേൽ രമേശിന്റെ വീട് ആഞ്ഞിലി മരങ്ങൾ കടപുഴകി വീണ് പൂർണമായി തകർന്നു. പറമ്പത്തേട്ട് സന്ദീപ്, വിനു പാലക്കാന്നേൽ, തങ്കച്ചൻ മണിയഞ്ചിറ, ചെറിയാൻ മഠത്തിൽ, റോയി ആനിത്തോട്ടം,എബി ആഡ്രോത്ത്, രാജഗോപാൽ പുളിവേലിൽ, റെജി വളയത്തിൽ, ലാൽ തോമസ് കരുവത്തേട്ട്, സരേന്ദ്രൻ മരതോലിൽ, കമല പൂവത്താനം തറപ്പേൽ, ജോസഫ് വെട്ടുകാട്ട് പുളിക്കൽ, മേരി മണ്ണനാൽ താഴെ, ദീപ പാലയ്ക്കത്തടത്തിൽ, വിജയകുമാരി പാലയ്ക്കാകുന്നത്ത്, ജയകുമാർ കളരിക്കൽ,സരസ്വതി പരമേശ്വരൻ വരിക്കാനിക്കൽ,എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
പ്രദേശത്ത് തൊഴിലാളികൾ താമസിച്ചിരുന്ന ബഹുനില മന്ദിരത്തിന് മുകളിലും തേക്ക്മരം കടപുഴകി വീണു. തോമസ് ജോർജ് പുളിക്കിയിൽ, കുട്ടിച്ചൻ പന്തലാനി, നാരായണൻ നായർ കൂനാനി, ചെറിയാൻ പലമറ്റം, റെജി മണിയഞ്ചിറ, ജേക്കബ് മാത്യു മഠത്തിൽ, പി.ഡി.മാത്തൻ പേരേക്കാട്ട്, ജോസഫ് മാത്യു കൊമ്പനാൽ, സിറിയക് തോമസ് തോപ്പിൽ, വിനോദ് കുമാർ ആക്കൽ, തോമസ് കുര്യൻ വളയത്തിൽ, സുധ രവീന്ദ്രൻ ചെമ്പകത്തിങ്കൽ, ഗിരീഷ് ചെമ്പകത്തിങ്കൽ എന്നിവരുടെ പുരയിടങ്ങളിലെ റബർ മരങ്ങൾ വ്യാപകമായി നശിച്ചു. വാഴ,കപ്പ, തുടങ്ങി കൃഷികളും നശിച്ചവയിൽ ഉൾപ്പെടുന്നു.
പന്ത്രണ്ടാം മൈൽ പന്തത്തല റോഡ്, നഗരസഭ 13ാം വാർഡിലെ കരിമ്പത്തിക്കണ്ടം കണ്ണാടിയുറുമ്പ് റോഡുകളിൽ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.
അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇന്നലെ ഉച്ചയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
10 ലക്ഷത്തിന്റെ നഷ്ടം
കാറ്റിൽ10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനമെന്ന് മീനച്ചിൽ തഹസിൽദാർ അഷ്രഫ് പറഞ്ഞു. കാറ്റ് നാശം വിതച്ച സ്ഥലങ്ങളിൽ ജോസ് കെ.മാണി എം.പി, മണി സി.കാപ്പൻ എം എൽ എ, നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, മുത്തോലി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, പഞ്ചായത്ത് മെമ്പർമാരായ രഞ്ചിത് ജി.മീനാഭൻ,റെജി തലക്കുളത്ത്, ബീന ബേബി, റൂബി, മായ വിശ്വനാഥൻ, സന്ധ്യ ജി.നായർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹരിദാസ് അടമത്ര, ടോബിൻ.കെ. അലക്‌സ്, ജി. രൺദീപ്, ജോസ് അന്തിനാട് എന്നിവർ സന്ദർശിച്ചു.
നാശം ഇവിടെ
മുത്തോലി പഞ്ചായത്ത്
3,6,7, 9,10,11 വാർഡുകൾ
പാലാ നഗരസഭ
വാർഡ് 13