കോട്ടയം: കൊവിഡിനെ തുടർന്ന് തമിഴ്‌നാട്ടിലെ കാലിച്ചന്തകൾ അടച്ചതോടെ കേരളത്തിലെ പോത്തിറച്ചി വ്യവസായം പ്രതിസന്ധിയിലായി. പ്രധാനമായും തമിഴ്‌നാട് , ആന്ധ്ര, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ ഇറച്ചിക്കായി കാലികളെ കൊണ്ടു വരുന്നത്. മൂന്നു സംസ്ഥാനങ്ങളിൽ നിന്നും ആവശ്യത്തിന് കാലികളെത്തിയാലേ മാംസാവശ്യത്തിനു മതിയാകൂ. ഇതിൽ തന്നെ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ കാലികളെത്തുന്നത്. എന്നാൽ കൊവിഡ് വ്യാപനം തമിഴ്‌നാട്ടിൽ രൂക്ഷമായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
പ്രതിസന്ധി പരിഹരിക്കാൻ ഇപ്പോൾ തമിഴ്ഗ്രാമങ്ങളിലെ വീടുകളിൽ തോറും കയറി വാങ്ങുന്ന കാലികളാണ് ആശ്രയം. എന്നാൽ, തമിഴ്‌നാട് പൊലീസ് ഇതിനെ ചൂഷണം ചെയ്യുകയാണ്. ഇത്തരം വാങ്ങലുകാരെ വിരട്ടി കൈക്കൂലി വാങ്ങുന്നതിനാൽ ഈ തുക കൂടി വിൽപ്പനക്കാർക്ക് കൈനഷ്ടം വരുന്നു. ഇത് കാലികളുടെ വില വർദ്ധനവിന് ഇടയാക്കുന്നു. ആയിരം രൂപ ലഭിച്ചിരുന്ന തുകലിന് വൻ തോതിൽ വിലയിടിഞ്ഞതും ഇറച്ചി വ്യാപാര രംഗത്തെ നഷ്ടക്കച്ചവടമാക്കുകയാണ്. ഇത്തരം പ്രതിബന്ധങ്ങൾ മറികടന്ന് കാലികളെ കേരളത്തിൽ കൊണ്ടുവന്നാൽ തന്നെ വൻ വിൽപ്പനശാലകൾ പലതും അടഞ്ഞു കിടക്കുന്നതിനാൽ പണ്ടേപ്പോലെ വിൽപ്പന സുഗമമല്ലാത്ത അവസ്ഥയാണ്.
ഒരു കിലോ ബീഫിന്
400 രൂപ
ആവശ്യത്തിന് കാലികളെ കിട്ടാത്തതിനാൽ ഇറച്ചി വ്യാപാരം നിർത്തണ്ട സാഹചര്യമാണ്.
രാജു, കോട്ടയം ജില്ലാ സെക്രട്ടറി,
മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ