കോട്ടയം: ഓൺലൈനിലൂടെ നടത്തിയ വാദത്തിനൊടുവിൽ ചാരയക്കേസ് പ്രതിയ്ക്കു ജാമ്യം. 120 ലിറ്റർ കോട കൈവശം വച്ചതിന് അറസ്റ്റിലായ പ്രതിയ്ക്കാണ് ജാമ്യം അനുവദിച്ചത്. കൊവിഡ് 19 നെ തുടർന്നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജ‌ഡ്‌ജി ജി.ഗോപകുമാർ മുൻപാകെ കേസ് വീഡിയോ കോൺഫറൻസ് വഴി പരിഗണിച്ചത്.

ഏപ്രിൽ 11 നാണ് പള്ളം മാലായിൽച്ചിറ വീട്ടിൽ എം.എം ജോസിനെ (മോനായി - 55) എക്‌സൈസ് സംഘം വ്യാജവാറ്റുമായി പിടികൂടിയത്. കോട്ടയം എക്സൈസ് റേഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ ജാമ്യത്തിലെടുക്കുന്നതിനു വേണ്ടി അഭിഭാഷകൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഓൺലൈനായാണ് അപേക്ഷകൾ എല്ലാം സമർപ്പിച്ചത്. കോടതി നടപടികളെല്ലാം പൂർണമായും ഓൺലൈൻ വഴിയാണ് നടന്നത്. തുടർന്നു കേസിൽ വാദം കേട്ട കോടതി പ്രതിയ്‌ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും, ഇനി ഇത്തരം കേസുകളിൽ ഉൾപ്പെടില്ലെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രതിയ്‌ക്കു ജാമ്യം അനുവദിച്ചത്. പ്രതി ഭാഗത്തിനു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി ഹാജരായി.