കോട്ടയം: ലോക്ക് ഡൗൺ കാലത്ത് പൊലീസ് ഉദ്യോഗസ്ഥർക്കു ഭക്ഷണം നൽകിയ സ്‌നേഹക്കൂടിന് അരി നൽകി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. എട്ടു ചാക്ക് അരിയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും സ്നേഹക്കൂടിന് കൈമാറിയത്. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് സബ് ഇൻസ്പെക്ടർമാരായ പ്രിൻസ്, കബീർ, ബോബി, അരുൺ, അനുരൂപ് എന്നിവരിൽ നിന്നും അരി ഏറ്റുവാങ്ങി. ലോക്ക് ഡൗൺ കാലത്ത് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും, തെരുവിൽ അലയുന്ന സഹജീവികൾക്കുമായി കഴിഞ്ഞ 42 ദിവസങ്ങളായി മുടങ്ങാതെ ഉച്ചഭക്ഷണവും, മോരുംവെള്ളവും,ചായയും സ്‌നേഹക്കൂട് അധികൃതർ നൽകുന്നുണ്ട്.