കോട്ടയം: തണ്ണീർമുക്കം ബണ്ട് തുറന്ന് നീരൊഴുക്ക് ശക്തമായതോടെ വേമ്പനാട്ട് കായൽ മാലിന്യമുക്തമായി. ലോക് ഡൗണിൽ കായൽ ടൂറിസം നിലച്ചിരുന്നു. റിസോർട്ടുകളും ഹൗസ് ബോട്ടുകളും നിശ്ചലമായതോടെ ജലമലിനീകരണ തോത് കുറഞ്ഞു. കായൽ ജലത്തിൽ പ്രാണവായു കൂടി.

വേനൽ ശക്തമായപ്പോൾ കായൽ ജലനിരപ്പ് 60സെന്റിമീറ്റർ വരെ താഴ്ന്നിരുന്നു. കോളിഫോം ബാക്ടീരിയയുടെ അളവും ഉപ്പു രസവും കൂടി . ബണ്ട് തുറന്ന് ഒഴുക്ക് ശക്തമായി. പായലും മാറിയതോടെ വേമ്പനാട്ടുകായൽ പരപ്പ് സൂര്യ പ്രകാശത്തിൽ തിളങ്ങുകയാണ് .90 ഷട്ടറുകളിൽ 85 എണ്ണം ആദ്യം ഉയർത്തി. സാങ്കേതിക തകരാർ കാരണം ഉയർത്താൻ കഴിയാതിരുന്നവയും പിന്നീട് തുറന്നു. കുമരകം കരിമീന് ഇനി വൻ ഡിമാൻഡാകും ശക്തമായ ഒഴുക്കിൽ മീനുകൾ കൂട്ടത്തോടെ എത്തിയത് മത്സ്യ തൊഴിലാളികൾക്ക് കൊയ്ത്തായി. കൊഞ്ച്. ചെമ്മീൻ, മുരശ്, കരിമീൻ, കൂരി, കാളാഞ്ചി, നങ്ക്, വാള, തുടങ്ങിയ കായൽ മീനുകൾ കൂടുതൽ കിട്ടിത്തുടങ്ങി. ബണ്ട് അടഞ്ഞ് ജലനിരപ്പ് താഴുന്നതോടെ കരിമീന് ചെളി ചുവയുണ്ടാകും. ഷട്ടർ ഉയർത്തി ഒഴുക്ക് വർദ്ധിക്കുന്നതോടെ രുചി കൂടുമെന്നതിനാൽ കുമരകം കരിമീന് ഇനി വൻ ഡിമാൻഡാകും. ലോക്ക് ഡൗണിൽ മത്സ്യബന്ധനവും മത്സ്യ ലഭ്യതയും കുറഞ്ഞതോടെ 500-600 രൂപയിൽ നിന്ന് വലിയ കരിമീൻ ചില്ലറ വില കിലോയ്ക്ക് 800 രൂപ വരെ ഉയർന്നിരുന്നു. മീൻ പിടിത്തം സജീവമായതോടെ വില ഇനി കുറഞ്ഞേക്കും.

പ്രാണവായുവിന്റെ അളവ് കൂടി

ലോക്ക് ഡൗൺ കാലത്ത് വേമ്പനാട്ട് കായലിലെ മലിനീകരണ തോത് കുറഞ്ഞു. ജൈവ മാലിന്യം ഇല്ലാതായി പ്രാണവായുവിന്റെ അളവ് ഗണ്യമായി വർദ്ധിച്ചതായി അന്താരാഷ്ട കായൽനില ഗവേഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

 ഫോസ് ഫേറ്റ് 0.1 ശതമാനമായി കുറഞ്ഞു

 നൈട്രേറ്റ് അളവ് 3 പി.പി.എമ്മിൽ താഴെയായി

 ഉപ്പു രസം 3 പി.പി.എമ്മിൽ നിന്ന് ഒന്നിൽ താഴെ

കൊവിഡ് കാല ലോക്ക് ഡൗണിൽ റിസോട്ടുകളിൽ നിന്നും ഹൗസ് ബോട്ടുകളിൽ നിന്നുമുള്ള മാലിന്യം ഇല്ലാതായത് വേമ്പനാട്ടുകായലിൽ വലിയ മാറ്റമുണ്ടാക്കി. പ്രാണവായു കുറഞ്ഞ് മത്സ്യ സമ്പത്തിനും മറ്റ് സൂക്ഷ്മ ജീവികൾക്കും വരെ ദോഷകരമായിരുന്ന ഗുരുതരസ്ഥിതി മാറി. മാലിന്യ അളവ് വൻതോതിൽ കുറഞ്ഞത് ശുഭകരമാണ്.

ഡോ.കെ.ജി പത്മകുമാർ, ഡയറക്ടർ

അന്താരാഷ്ട കായൽ നില ഗവേഷണ കേന്ദ്രം