കോട്ടയം: പതിനാല് മാസം മുൻപാണ് കുമരകം സ്വദേശി ഷനേജ് ലോണെടുത്ത് ടൂറിസം കോട്ടേജ് തുടങ്ങിയത്. കഴിഞ്ഞ ഡിസംബർ മുതൽ ലാഭത്തിൽ നിന്ന് ലോണടച്ചു തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ ഭീഷണിയെത്തിയത്. ടൂറിസം ഒന്നടങ്കം താറുമാറായപ്പോൾ ഷനോജിനെപ്പോലെ കൈകാലിട്ടടിക്കുകയാണ് ജില്ലയിലെ ഒരു കൂട്ടം ചെറുകിട സംരംഭകർ.
പ്രളയങ്ങൾക്ക് ശേഷം ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരൊക്കെ നടുക്കായലിലാണ്. ഒരു വശത്ത് പെരുകുന്ന കടം തലയ്ക്കുമുകളിൽ വാളായി തൂങ്ങുന്നു. മറുവശത്ത് എന്ന് തിരിച്ചുവരാനാകുമെന്നതിന്റെ ആധി.
വൻകിടക്കാർക്കൊക്കെ നഷ്ടത്തിന്റെ തോത് കൂടുമെന്നത് മാത്രമാണ് പ്രശ്നമെങ്കിൽ സർവതും ടൂറിസത്തിൽ മുടക്കിയ ചെറുകിട റിസോർട്ടുകളും ഹോംസ്റ്റേകളും നടത്തുന്നവരുടെ കാര്യം അതിലും കഷ്ടത്തിലാണ്. അവധിക്കാലമായതിനാൽ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം മേഖല. കൊവിഡ് മൂലം ആദ്യം അടയ്ക്കുകയും അവസാനം പ്രവർത്തനം തുടങ്ങുകയും ചെയ്യുന്ന മേഖലകളിലൊന്നാണ് ടൂറിസം. ലോണെടുത്തും ചിട്ടിപിടിച്ചും സംരംഭങ്ങൾ തുടങ്ങിയവർക്ക് ദിവസ വരുമാനം നിലച്ചതോടെ തിരിച്ചടവും മുടങ്ങി. നിലവിലെ മോറട്ടോറിയംകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ആറുമാസത്തേയ്ക്കെങ്കിലും പലിശ രഹിത മോറട്ടോറിയം വേണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
കുതിക്കാൻ ഒരുങ്ങുന്നതിനിടെ തകർച്ച
ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലെത്തേണ്ടപ്പോൾ കൊവിഡ് ഭീഷണി
ലോണെടുത്തവർ പലിശ പോലുമടക്കാനാവാതെ ബുദ്ധിമുട്ടിൽ
വിദേശ ടൂറിസ്റ്റുകൾ ഈ വർഷം എത്താൻ സാദ്ധ്യതയില്ല
സാമ്പത്തിക പ്രതിസന്ധി ആഭ്യന്തര ടൂറിസ്റ്റുകളെയും ബാധിക്കുന്നു
ഇനി പ്രതീക്ഷ ഓണ സീസണിൽ
കൊവിഡിനെതിരായ പോരാട്ടത്തിലൂടെ കേരളം ലോകശ്രദ്ധ ആകർഷിച്ചത് ഓണക്കാലത്ത് ഗുണകരമാകുമോയെന്നതാണ് ഇനി അറിയേണ്ടത്. നെഹ്റു ട്രോഫിയോട് അനുബന്ധിച്ച് കുമരകത്ത് സഞ്ചാരികൾ എത്തുമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടൽ.
''പലിശയ്ക്ക് പണമെടുത്താണ് ചെറുകിടസംരംഭത്തിൽ മുതൽ മുടക്കിയത്. പലിശ തിരിച്ചടയ്ക്കാൻ പോലും കഴിയാത്ത നിലയലേക്ക് വരുമാനം കൂപ്പുകുത്തി. ടൂറിസം മേഖലയിലെയെങ്കിലും വായ്പകൾക്ക് ആറുമാസത്തേയ്ക്ക് പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കണം''
-ഷനോജ്, സംരംഭകൻ