കോട്ടയം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്നവരിൽ നിന്ന് ഇനി ഒരാളിലേയ്ക്കും രോഗം പകരാതിരിക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം. പ്രവാസികളെ സ്വീകരിക്കാനും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കി താമസിപ്പിക്കാനും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

നോർക്ക വഴി രജിസ്റ്റർ ചെയ്ത് നാട്ടിലേയ്ക്ക് എത്തുന്നവരെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങൾ, കോളേജ് ഹോസ്റ്റലുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ തുടങ്ങിയിടങ്ങളിലാണ് താമസിപ്പിക്കുക. റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്ത പരിശോധന നടത്തി കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. പൊതുസമ്പർക്കം ഒഴിവാക്കാൻ ഐസൊലേഷൻ കേന്ദ്രങ്ങൾക്ക് ആറ്റാച്ച്ഡ് ബാത്ത്റൂമുകളാണുള്ളത്. അതത് മേഖലകളിലെ സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ് ഐസൊലേഷൻ കേന്ദ്രങ്ങളിലുള്ളവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുക. ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ രണ്ടു വോളണ്ടിയർമാരെ വീതം നിയോഗിച്ചിട്ടുണ്ട്.

നടപടികൾ

 രോഗലക്ഷണങ്ങളുള്ള പ്രവാസികളെ ആശുപത്രി നീരീക്ഷണത്തിലാക്കും

 ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും

 കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിൽ കഴിയേണ്ടത് ഏഴു ദിവസം

 പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവെങ്കിൽ വീട്ടിൽ പോകാം

 ആശുപത്രി വിട്ടാലും വീട്ടിൽ ഏഴു ദിവസം ക്വാറന്റയനിൽ കഴിയണം

 രജിസ്റ്റർ ചെയ്തവർ

വിദേശരാജ്യങ്ങൾനിന്ന് : 13950

അന്യസംസ്ഥാനങ്ങൾ: 6200

ഐസൊലേഷൻ കേന്ദ്രങ്ങൾ: 234

'' ഐസൊലേഷൻ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിന് ചാർജ് ഓഫീസർമാരെയും താലൂക്ക് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ.ആർ. നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയും കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്''

പി.കെ.സുധീർബാബു, കളക്ടർ