വൈക്കം: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് മേഖലയിൽ വ്യാപക നാശം. ഇന്നലെ വൈകിട്ടാണ് സംഭവം. ഉദയനാപുരത്ത് വീടിന് മീതെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണ് വീടിന് ഭാഗീകമായി നാശം സംഭവിച്ചു.അക്കരപ്പാടം മുണ്ടയ്ക്കൽ കൗമാരിയുടെ വീടിനു മുകളിലേക്ക് ആറുമരങ്ങളാണ് കടപുഴകി വീണത്. അപകട സമയത്ത് കൗമാരിയും മകന്റെ ഭാര്യ രാജിയും കുഞ്ഞും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറവൻതുരുത്ത്, വടകര, നീർപ്പാറ, കാട്ടിക്കുന്ന്, ചെമ്പ് തുടങ്ങിയ ഇടങ്ങളിൽ റോഡരികിലെ മരങ്ങൾ കൂട്ടത്തോടെ വൈദ്യുത ലൈനിന് മുകളലേക്ക് വീണ് നിരവധി വൈദ്യുത തൂണുകൾ തകർന്നു. ജീവനക്കാർ എത്തി മരങ്ങൾ മുറിച്ച് മാറ്റിയാണ് രാത്രിയോടെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചത്. ഉൾപ്രദേശങ്ങളിലെ വൈദ്യുതബന്ധം ഇനിയും പുനസ്ഥാപിക്കാനായില്ല. കാർഷിക വിളകൾക്കും കനത്ത നാശം സംഭവിച്ചു.