pic

കോട്ടയം: കൊവിഡ്-19 രണ്ടാം ഘട്ടം കോട്ടയത്തെ നിരാശയിലാക്കിയെങ്കിലും ഇപ്പോൾ കോട്ടയം ആശ്വാസത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ട 18 പേരിൽ 12 പേരും രോഗവിമുക്തരായി ആശുപത്രി വിട്ടു. കോട്ടയം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആരോഗ്യപ്രവർത്തകന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ഇയാളെയും ഡിസ്ചാർജ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ചു പേരുടെയും നില തൃപ്തികരമാണ്. ഇവരുടെ രണ്ട് സെറ്റ് വീതം പരിശോധനാഫലം ലഭിക്കാനുണ്ട്. ഇന്ന് റിസൾട്ട് ലഭിക്കുമെന്നാണ് അറിയുന്നത്.

റെഡ് സോണിലുള്ള കോട്ടയം ജില്ലയിൽ ഇന്ന് കൂടുതൽ അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ വാഹനങ്ങളും ആളുകളും റോഡിലിറങ്ങി. എല്ലാവരും മാസ്ക്ക് ധരിച്ചും നിയമങ്ങൾ പാലിച്ചുമാണ് റോഡിലിറങ്ങിയതെന്നതിനാൽ പൊലീസിനും ഡ്യൂട്ടി ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നുണ്ട്.

എന്നാൽ തമിഴ്നാട്ടിൽ നിന്നും മുട്ട കയറ്റിവന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം വീണ്ടും ആശങ്കയിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാമക്കല്ലിൽ നിന്നും കോട്ടയത്ത് ഇയാൾ മുട്ടയുമായി എത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ നാമക്കല്ലിൽ ഐസൊലേഷനിലാക്കി. ഇയാളുമായി കോട്ടയത്ത് ബന്ധപ്പെട്ട പത്തുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോട്ടയത്ത് ഇന്നലെ ലഭിച്ച 78 ഫലങ്ങളും നെഗറ്റീവ് ആണെന്നത് ജില്ലയ്ക്ക് ആശ്വാസം നല്കുന്നു. 221 ടെസ്റ്റുകളുടെഫലം ലഭിക്കാനുണ്ട്. എം.ജി സർവകലാശാലയുടെ കീഴിലുള്ള തലപ്പാടിയിലെ കേന്ദ്രത്തിൽ പി.സി.ആർ യൂണിറ്റ് തകരാറിലായതിനെ തുടർന്ന് ടെസ്റ്റുകൾ നടത്തുവാൻ കാലതാമസം നേരിട്ടിരുന്നു. ഇതോടെ ആലപ്പുഴയിലെ കേന്ദ്രത്തിലെത്തിച്ചാണ് ടെസ്റ്റുകൾ നടത്തിവന്നിരുന്നത്. ഇന്നലെ പുതിയ യൂണിറ്റ് എത്തിച്ചെങ്കിലും നാളെ മുതലേ ഇത് പൂർണമായും പ്രവർത്തിച്ചു തുടങ്ങുകയുള്ളു. 250 സാമ്പിൽ വരെ പ്രതിദിനം പരിശോധിക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം ഇടുക്കി ജില്ലയിൽചികിത്സയിലുള്ളത് ഒരാൾ മാത്രമാണ്. പന്ത്രണ്ട് പേരിൽ പതിനൊന്ന് പേരെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു.