കോട്ടയം: പ്രവാസികളായ സഹോദരങ്ങളെ സ്വീകരിക്കാൻ രണ്ടു കൈകളും നീട്ടി കോട്ടയം ഒരുങ്ങി. ഇവർക്കായി സൗകര്യങ്ങൾ ഒരുക്കി കാത്തിരിക്കയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. 234 ഐസൊലേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം താലൂക്ക് ആശുപത്രി എന്നിവകൂടാതെ ഹോട്ടലുകൾ, ഹോം സ്റ്റേകൾ, മതസ്ഥാപനങ്ങളോട് അനുബന്ധിച്ചുള്ള താമസകേന്ദ്രങ്ങൾ, കോളേജ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലാണ് ഐസൊലേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ആവശ്യമെങ്കിൽ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ നിന്നുള്ള 1,13,950 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നോർക്ക മുഖേന 6,200 പേരാണ് എത്തുകയെന്നാണ് അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കോവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പി.കെ സുധീർബാബു വ്യക്തമാക്കി.
റവന്യു, പൊതുമരാമത്ത് വകുപ്പുകൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇന്ന് രാവിലെ സംയുക്തമായി ഈ കേന്ദ്രങ്ങൾ സന്ദർശിച്ച് വിലയിരുത്തി. ആറ്റാച്ച്ഡ് ബാത്ത്റൂമോടുകൂടിയ മുറികളാണ് ഇവർക്കായി മാറ്റിവച്ചിട്ടുള്ളത്. ഓരോ മേഖലകളിലും ഐസൊലേഷൻ കേന്ദ്രങ്ങളുടെ മേൽനോട്ടം ചാർജ്ജ് ഓഫീസർമാരെയും താലൂക്ക് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡപ്യൂട്ടി തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.