കോട്ടയം: കൊവിഡ് കാല ലോക്ക് ഡൗണിന്റെ മറവിൽ സാധന വില കുതിച്ചുയരുന്നതിനു മുന്നിൽ സാധാരണക്കാർ പകച്ചു നിൽക്കുന്നു .
പാവപ്പെട്ടവരുടെ മീനെന്ന് വിശേഷിപ്പിക്കാവുന്ന മത്തി, അയില വില ആദ്യമായി കിലോയ്ക്ക് 300ലും 350ലും എത്തി. കോഴി വിലയാകട്ടെ ഇന്നലെ രാവിലെ 131 ആയിരുന്നെങ്കിൽ ഉച്ച കഴിഞ്ഞതോടെ 133ലേക്ക് കുതിച്ചു. പച്ചക്കറി , മറ്റു നിത്യോപയോഗ സാധന വിലയും മുന്നോട്ടു തന്നെ. ലോക്ക് ഡൗണിൽ വേലയും കൂലിയുമില്ലാത്ത സാധാരണക്കാരെയാണ് ഇത് ഏറെ വലയ്ക്കുന്നത്.
ലോക്ക് ഡൗൺ തുടങ്ങുമ്പോൾ മത്തിവില 200ൽ നിൽക്കുകയായിരുന്നു. മത്സ്യതൊഴിലാളികൾ കൂട്ടം കൂടി കടലിൽ പോകുന്നതിന് നിയന്ത്രണം വന്നതോടെ മീൻ വില ഉയർന്നു. നിയന്ത്രണം ഒഴിവാക്കിയെങ്കിലും അന്യ സംസ്ഥാനങ്ങളിൽ നിന്ന് മീൻ എത്താതായതോടെ നാടൻ മത്തിക്ക് ഡിമാൻഡ് കൂടി .വിലയും കുതിച്ചുയർന്നു. വീടുകളിൽ മീൻ എത്തിക്കുന്ന ചെറുകിട കച്ചവടക്കാർ മത്തിക്ക് 350 രൂപ വരെ വാങ്ങുന്നുണ്ട്.
കോഴിവില സർകാല റെക്കാഡിൽ
ലോക്ക് ഡൗൺ കാല പരിശോധനയും നിയന്ത്രണവും ശക്തമാക്കിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞു. കേരളത്തിലെ ഫാമിലുള്ള കോഴികളാണ് വിൽപ്പനയ്ക്കുള്ളത്. കിലോയ്ക്ക് 44 രൂപ വരെ താഴ്ന്ന കോഴിവില ഈസ്റ്റർ കാലത്തായിരുന്നു 100 കടന്നത്. വില പിന്നീട് താഴുമെന്ന് കരുതിയെങ്കിലും ഓരോ ദിവസവും ഉയരുകയാണ്. കഴിഞ്ഞ ആഴ്ച 119ൽ എത്തി നിന്ന ശേഷം ഈയാഴ്ച 130ലേയ്ക്ക് കടന്നു . ഡിമാൻഡ് കൂടുകയും കോഴിവരവ് കുറയുകയും ചെയ്തതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കിലോയ്ക്ക് മൂന്നു രൂപ വരെ വില വ്യത്യാസം വരുത്താമെന്നാണ് കോഴി വ്യാപാരി സംഘടനാ തീരുമാനം . ഇത് ലംഘിച്ച് വില കുറച്ച് വിറ്റതിന് തിരിവാതുക്കലിലെ ഒരു വ്യാപാരിയെ മറ്റു കടക്കാർ മർദ്ദിച്ചത് പൊലീസ് കേസിൽ എത്തി നിൽക്കുകയാണ് .
വില ഉയരാൻ കാരണം
പഴകിയ മീനുകൾ പിടിക്കാൻ നിരന്തരം റെയ്ഡ്
പുറത്തുനിന്നുള്ള നിന്നുള്ള മീൻ വരവ് കുറഞ്ഞു.
ഹോട്ട് സ്പോട്ടായി കോട്ടയം, ചങ്ങനാശ്ശേരി ചന്ത അടച്ചു
നിയന്ത്രണം തുടരുന്നതിനാൽ വിപണി സജീവമായില്ല.
ഇറച്ചിയ്ക്കും മീനിനും ആവശ്യക്കാർ കൂടുകയും എന്നാൽ ഇവയുടെ വരവ് കുറയുകയും ചെയ്തതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. റെയ്ഡുകൾ ന
ടക്കുന്നതിനാൽ നല്ല മീനുകൾ മാത്രമേ അതിർത്തി കടന്നു വരുന്നുള്ളൂ. അതും ലഭ്യത കുറയാൻ കാരണമാണ്.
ലോറൻസ്, മൽസ്യവ്യാപാരി, കോടിമത