കോട്ടയം: ഉറ്റവരെയും ഉടയവരെയും പ്രതീക്ഷിച്ച് പായിപ്പാട് ഇതരസംസ്ഥാന ക്യാമ്പുകൾ. ഉടൻ ജന്മനാട്ടിലെത്താം എന്ന പ്രതീക്ഷയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ ബംഗാളികൾ. എന്നാൽ പശ്ചിമ ബംഗാൾ സർക്കാർ ഇവർക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല. ബംഗാളിൽ കൊവിഡ് -19 പടരുന്ന സാഹചര്യത്തിലാണിത്. എങ്കിലും ഉടനതന്നെ ഇവർക്ക് യാത്രാ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാരും തൊഴിലാളികളും.
ഇതിനോടകം 2013 തൊഴിലാളികളുടെ മെഡിക്കൽ പരിശോധന പൂർത്തികരിച്ചെന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ വ്യക്തമാക്കി. അനുമതി ലഭിച്ചാൽ ഉടൻ ഇവരെ ജന്മനാട്ടിലേക്ക് കയറ്റി അയയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയും നടപടി പൂർത്തിയാക്കി കാത്തിരിക്കയാണ്.
4600 അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ പായിപ്പാട്ടുള്ളത്. 400ഓളം അസം സ്വദേശികളും ഇവിടെയുണ്ട്. 12,000 ഓളം തൊഴിലാളികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. 7,000 ലധികം തൊഴിലാളികൾ ലോക് ഡൗൺ പ്രഖ്യാപിക്കും മുമ്പേ നാടുകളിലേക്ക് പോയിരുന്നു. പെരുമ്പാവൂർ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും അധികം ഇതരസംസ്ഥാന തൊഴിലാളികളുള്ള സ്ഥലമാണ് പായിപ്പാട്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ പോവണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധവുമായി കൂട്ടത്തോടെ തെരുവിലിറങ്ങിയത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ജില്ലാ കളക്ടർ പി.കെ സുധീർബാബുവും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും എത്തിയാണ് രംഗം ശാന്തമാക്കിയത്.