കോട്ടയം: കരാറെടുത്ത പണികൾ സമയത്തിന് തീർക്കാനാവാതെ വിഷമിക്കുന്നതിനിടെ കെട്ടിടനിർമ്മാണ മേഖലയിൽ മറ്റൊരു പ്രതിസന്ധി. നാട്ടിലേയ്ക്ക് പോകാൻ താത്പര്യമറിയിച്ച് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ രംഗത്തെത്തി. ഇതോടെ ജില്ലയുടെ നിർമാണ മേഖല സ്തംഭിക്കുന്ന സ്ഥിതിയാണ്.

പാലങ്ങൾ, റോഡുകൾ എന്നിവയുടെ നവീകരണം, കെട്ടിട നിർമാണം അടക്കം ജില്ലയിൽ കോടികളുടെ നിർമാണങ്ങളാണ് നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും പണിയെടുത്തിരുന്നവരിൽ അധികവും നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. 25 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിലായി കഴിയുന്നത്. ഇവർക്ക് ഉടനെ മടങ്ങാനുള്ള ട്രെയിൻ സജ്ജമാക്കുമന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ മടങ്ങിയ വാർത്തയറിഞ്ഞ് പലരും മുറവിളി കൂട്ടുന്നുമുണ്ട്. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട് മോഡലിൽ വീണ്ടും സംഘടിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഇവർ അടങ്ങിയിരിക്കുകയാണ്.

 കൂടുതൽ ചങ്ങനാശേരിയിൽ

അഞ്ച് താലൂക്കുകളിലായി നാട്ടിലേയ്ക്ക് മടങ്ങാൻ 20998 പേർ ഇതുവര സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ 14092 പേർ ബാംഗാളിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ ആളുകളുള്ളത് പായിപ്പാട് അടങ്ങുന്ന ചങ്ങനാശേരി താലൂക്കിലാണ്.

സന്നദ്ധത അറിയിച്ചവർ

ചങ്ങനാശേരി: 7947

 മീനച്ചിൽ: 4546

 കോട്ടയം: 4154

 കാഞ്ഞിരപ്പള്ളി: 2164

 വൈക്കം: 2187

'' മുഴുവൻ പദ്ധതികളെയും ബാധിക്കും. തൊഴിലാളികളെ കൂട്ടത്തോടെ അയയ്ക്കരുതെന്ന് കരാറുകാർ സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർബന്ധം പിടിക്കുന്നവരെ മാത്രം അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചത്''

വറുഗീസ് കണ്ണംപള്ളി, ഗവ. കോൺട്രാക്ടേഴ്സ് അസോ.