കോട്ടയം: രണ്ടാമതും വെല്ലുവിളിച്ചെത്തിയ കൊവിഡിനെ വീണ്ടും ചവിട്ടിപ്പുറത്താക്കി കോട്ടയം. രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന അഞ്ചുപേർകൂടി ഇന്നലെ ആശുപത്രി വിട്ടു. ചികിത്സയിലുണ്ടായിരുന്ന ഇടുക്കി സ്വദേശിയും മടങ്ങി.

ആദ്യഘട്ടത്തിൽ രോഗം ബാധിച്ച മൂന്ന് പേരും സുഖംപ്രാപിച്ച് കോട്ടയം ഗ്രീൻസോണിലെത്തിയപ്പോഴാണ് കഴിഞ്ഞ 23ന് വീണ്ടും കൊവിഡെത്തിയത്. ഏറ്റവുമൊടുവിൽ രോഗം റിപ്പോർട്ട് ചെയ്തത് 27നാണ്. രണ്ടാംഘട്ടത്തിൽ രോഗബാധിതരായ പതിനേഴ് പേരും രണ്ടാഴ്ചകൊണ്ട് സുഖംപ്രാപിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 552 പേരും സെക്കൻഡറി കോൺടാക്ട് പട്ടികയിൽ ഉൾപ്പെട്ട 599 പേരും ഇപ്പോൾ ക്വാറന്റയനിലാണ്. വൈകാതെ ഹോട്ട്സ്പോട്ടുകൾ പിൻവലിക്കും. ഇവരുടെ ക്വാറന്റയിൻ കാലാവധി കഴിയുന്ന മുറയ്ക്ക് ജില്ല ഗ്രീൻസോണിലെത്തും.

ഇന്നലെ വീട്ടിലെത്തിയവർ


 ചാന്നാനിക്കാട് സ്വദേശിയായ വിദ്യാർത്ഥിനി (25)

 വൈക്കം വടയാർ സ്വദേശിയായ വ്യാപാരി (53),

​ ആരോഗ്യപ്രവർത്തകയായ പുന്നത്തറ സ്വദേശിനി (33)

 ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി (65)

 വെള്ളൂരിൽ താമസിക്കുന്ന റെയിൽവേ ജീവനക്കാരൻ (56)

ലോറി ഡ്രൈവർക്കൊപ്പം സഞ്ചരിച്ചയാൾ നെഗറ്റീവ്

തമിഴ്നാട്ടിൽനിന്ന് കോട്ടയത്ത് വന്നു മടങ്ങിയ ശേഷം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവർക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലം നെഗറ്റീവ്. നാമക്കലിൽനിന്ന് മുട്ടയുമായി കഴിഞ്ഞ ദിവസമാണ് ഇവർ കോട്ടയത്തെത്തിയത്. സംക്രാന്തിയിൽ രണ്ടു കടകളിലും അയർക്കുന്നത്തും മണർകാടും ഓരോ കടകളിലും കോട്ടയം മാർക്കറ്റിൽ നാലു കടകളിലും ലോഡിറക്കി.

ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവർ ലോറിയിൽനിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഈ കടകൾ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെ 21 പേരെ ഹോം ക്വാറന്റയിനിലാക്കുകയും ചെയ്തു. നാമക്കൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലോറി ഉടമയെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു.