കോട്ടയം: ലോക്ക് ഡൗൺ തുടരുന്നതിനാൽ ജില്ലയിൽ 800 സ്വകാര്യ ബസുകൾ ഒരു വർഷത്തേയ്ക്ക് സർവീസ് നിർത്തി വയ്ക്കുന്നതായി കാണിച്ച് മോട്ടോർ വാഹനവകുപ്പിന് ജി ഫോം സമർപ്പിച്ചു. ഓടാതെ കിടന്ന സമയത്തെ നികുതി ഇളവു ലഭിക്കുന്നതിനാണിത്. ജി ഫോം നൽകുന്നതിന് 400 രൂപയാണ് ഫീസ്. പെർമിറ്റിന്റെ അടിസ്ഥാനത്തിൽ അതത് ആർ.ടി ഒഫിസുകളിലാണ് ബസ് ഉടമകൾ അപേക്ഷ സമർപ്പിക്കുന്നത്.
വലിയ സർവീസ് ബസുകൾക്ക് മൂന്ന് മാസത്തേയ്ക്ക് 35,100 രൂപയാണ് നികുതി . ഒരു മാസം പൂർണ്ണമായും സർവീസ് നടത്താതിരുന്നാൽ ഈ നിരക്കിൽ നിന്ന് ഒരു മാസത്തെ നികുതി ഇളവ് ലഭിക്കും. ജിഫോം നൽകാത്തവർക്ക് ഇളവ് ലഭിക്കില്ല.
കോട്ടയത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിരുന്നു. ആദ്യവാരം മുതൽ സ്വകാര്യ ബസുകൾ വലിയ നഷ്ടത്തിലും ബാദ്ധ്യതയിലുമാണ് സർവീസ് നടത്തിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 24 മുതൽ ബസ് സർവീസ് പൂർണ്ണമായും നിലച്ചിരുന്നു.
ജില്ലയിൽ 1100 സ്വകാര്യ ബസുകൾ
ജി ഫോം നൽകിയത് 800 ബസുകൾ
തത്ക്കാലം സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ജി ഫോം നൽകിയെങ്കിലും ലോക്ക് ഡൗൺ നിബന്ധനകൾ പിൻവലിച്ചാലുടൻ സർവിസ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.
പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയോഷൻ