എലിക്കുളം : വഴിയോര കൃഷിയിടം സന്ദർശിക്കാൻ ഹരിതകേരളം മിഷൻ പ്രവർത്തകരെത്തി. കുരുവിക്കൂട് കപ്പാട് റോഡരികിൽ മാലിന്യം തള്ളുന്ന പാമ്പോലി അഞ്ചാനി മുക്ക് ഭാഗം വൃത്തിയാക്കി കൃഷിയിറക്കിയതാണ് ഹരിത കേരളം മിഷൻ പ്രതിനിധികൾ സന്ദർശിച്ചത്. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടന്റെ പിന്തുണയോടെ സമീപവാസികളായ ആന്റണി, മാത്യു എന്നിവരാണ് മാലിന്യങ്ങൾ നീക്കം ചെയ്ത് വഴിയോരത്ത് പ്ലാസ്റ്റിക് ചാക്കുകളിൽ പച്ചക്കറി വിത്തുകൾ വിതയ്ക്കുകയും പൂച്ചെടികൾ നടുകയും ചെയ്തത്. ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ അനുപമ, വിപിൻ എന്നിവരാണ് സ്ഥലം സന്ദർശിക്കാൻ എത്തിയത്.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, തളിർ പച്ചക്കറി ഉത്പാദക സംഘം പ്രതിനിധി ജിബിൻവെട്ടം, കെ.സി.സോണി എന്നിവർ ഇവരെ സ്വീകരിച്ചു.