പാലാ : വേനൽമഴയിൽ മുത്തോലി പഞ്ചായത്തിൽ 12 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വിലയിരുത്തൽ. തിങ്കളാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും 13 വീടുകൾ ഭാഗകമായും ഒരു വീട് പൂർണ്ണമായും തകർന്നിരുന്നു. പഞ്ചായത്തിന്റെ പന്തത്തല, വെള്ളിയേപ്പള്ളി മേഖലയിലെ 6, 7, 8, 9 വാർഡുകളിലായി വ്യാപക കൃഷിനാശവും ഉണ്ടായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും പ്രദേശങ്ങൾ സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തി. റബർ, വാഴ, ജാതി, മരച്ചീനി, തെങ്ങ് കൃഷികളാണ് ഏറെയും നശിച്ചത്. പച്ചക്കറി കൃഷിക്കും നഷ്ടമുണ്ടായിട്ടുണ്ട്. 50 ഓളം റബർ കർഷകരാണ് ഇതിനകം കൃഷി വകുപ്പിൽ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. വീടുകൾ തകർന്നവരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തയ്യാറാക്കി വരുകയാണ്. കൃഷിനാശം സംഭവിച്ചവരുടെ സ്ഥലങ്ങൾ കൃഷി ഓഫീസർ സിബി സെബാസ്റ്റ്യൻ, അസി. ഓഫീസർമാരായ ശശികല പി.എസ്., സ്മിത താഹ, ബ്ലോക്ക് അംഗം ഹരിദാസ് അടമത്തറ, വാർഡംഗങ്ങളായ റൂബി ജോസ്, സന്ധ്യ ജി. നായർ എന്നിവരുടെ സംഘം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. അടുത്തദിവസം ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകും. വെട്ടുന്ന റബറിന് 300 രൂപാ വീതവും കുലച്ച വാഴയ്ക്ക് 150 രൂപാ വീതവും കായുള്ള ജാതിക്ക് 800 രൂപാ വീതവുമാണ് നഷ്ടപരിഹാരം ലഭിക്കുക.