കോട്ടയം: റെഡ് സോണിലുള്ള കോട്ടയം ഗ്രീൻ സോണിലേക്ക്. കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്ന 18 പേരും ആശുപത്രി വിട്ടതോടെ കോട്ടയം സാധാരണ നിലയിലേക്ക് മാറുകയാണ്. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഒട്ടുമിക്ക കടകളും ഇന്ന് രാവിലെ തുറന്നിട്ടുണ്ട്. റോഡുകളിൽ വാഹനങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെട്ടു.
ഗ്രീൻ സോണിലാവണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കണം. 21 ദിവസം തുടർച്ചയായി രോഗികൾ ഇല്ലെങ്കിൽ മാത്രമേ ഗ്രീൻ സോണിലാവുകയുള്ളു. അതിനാൽ ഗ്രീൻ സോണിലാണെന്ന പ്രഖ്യാപനം വരണമെങ്കിൽ കുറച്ചുദിവസം കൂടി കാത്തിരിക്കേണ്ടിവരും. എന്നാൽ സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ നല്കിയേക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ആശുപത്രിയിൽ കഴിഞ്ഞിരുന്നവരുടെ പ്രൈമറി കോൺട്രാക്ടുകളിൽ 10 പേരാണ് ഉണ്ടായിരുന്നത്. ഇങ്ങനെ കണ്ടെത്തിയ 552 പേർ നിരീക്ഷണത്തിലാണ്. വീടുകളിൽ 1624 പേരുമുണ്ട്. 1913 ആളുകളുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 1757 ഫലങ്ങളും നെഗറ്റീവ് ആണ്. 130 ആളുകളുടെ ഫലം എത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ നാലു പേരാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡീൽ പ്രവേശിപ്പിക്കപ്പെട്ടത്. വയോധികരായ ദമ്പതികളും ഇവരുടെ ബന്ധുക്കളായ കോട്ടയം ചെങ്ങളം സ്വദേശികളുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ കോട്ടയം ഗ്രീൻ സോണിലേക്ക് മാറി. പിന്നീട് 18 പേർ ആശുപത്രിയിലെത്തിയതോടെയാണ് റെഡ് സോണിലായത്. ഇതിൽ ഒരാൾ ഇടുക്കി ജില്ലയിൽ നിന്നും എത്തിയതാണ്. ഇതിനിടയിൽ ഒരു നഴ്സിനും രോഗബാധയുണ്ടായി. നഴ്സും സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരുന്നു.
എന്നാൽ 11 ഹോട്ട്സ്പോട്ടുകളുള്ള ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. കടകൾ തുറക്കാൻ അനുമതി നല്കിയിട്ടില്ല. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ, പട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ തുറന്നുപ്രവർത്തിക്കാം. ഹോട്ടലുകൾക്കും ബേക്കറികൾക്കും തട്ടുകടകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല. ബാങ്കുകൾ പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.