കോട്ടയം: കള്ളുഷാപ്പുകൾ 13 മുതൽ തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പാഴ്സൽ വിൽപ്പനയിൽ ആശയക്കുഴപ്പം തുടരുന്നു .
കുപ്പികളിലേ കള്ള് പാഴ്സലായി കൊടുക്കാനാകൂ. ഇരിക്കും തോറും നുരഞ്ഞു പൊങ്ങുന്നതിനാൽ കുപ്പികളിലാക്കിയാലും അടപ്പ് തുറന്നാൽ പുറത്തേയ്ക്ക് ചാടുമെന്നതിനാൽ വാഹനങ്ങളിൽ കൊണ്ടു പോകാനും ബുദ്ധിമുട്ടാണ്. കള്ള് പതഞ്ഞു ചാടിയാൽ രൂക്ഷ ഗന്ധവുമുണ്ട്. കുപ്പിയുമായി പാഴ്സൽ വാങ്ങിക്കാൻ ആളെത്തുമോ എന്നും സംശയമുണ്ട്. ഷാപ്പു തുറക്കുന്നത് മുതലാകണമെങ്കിൽ കള്ളിനൊപ്പം കപ്പയും കറിയും മറ്റും പാഴ്സലായി നൽകാൻ സംവിധാനമുണ്ടാക്കണമെന്നാണ് ഷാപ്പുടമകൾ ആവശ്യപ്പെടുന്നത്.
നാട്ടിൽ കള്ള് ചെത്താൻ കൊടുക്കുന്നവർ അധികം പേരില്ല . കോട്ടയം ജില്ലയിൽ പതിനൊന്ന് റേഞ്ചുണ്ട് .ആവശ്യത്തിന് നാട്ടിലെ കള്ള് കിട്ടാതെ വന്നതോടെയാണ് പാലക്കാട് കള്ളിനെ ആശ്രയിക്കാൻ തുടങ്ങിയത്. ഇവിടെ നിന്ന് തൊഴിലാളികളെ പാലക്കാട് താമസിപ്പിച്ച് കള്ള് ചെത്തി വാഹനത്തിൽ കൊണ്ടു വരികയായിരുന്നു, ലോക്ക് ഡൗണിൽ പാലക്കാട്ടെ ചെത്ത് അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികൾ വാഹനസൗകര്യമില്ലാത്തതിനാൽ തിരിച്ചു പോകാതെ നാട്ടിൽ തങ്ങുകയാണ് . ഇവർ പാലക്കാട് ചെന്ന് തെങ്ങൊരുക്കണമെങ്കിൽ രണ്ടാഴ്ച യെടുക്കും . പിന്നെങ്ങനെ 13ന് കോട്ടയം ജില്ലയിലെ ഷാപ്പുകളിൽ കള്ളെത്തുമെന്ന് തൊഴിലാളികൾ ചോദിക്കുന്നു.
ഇനി ഒരുക്കിയെടുക്കണം
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ കള്ള് എടുക്കുന്നതിന് നിരോധനമായി. തെങ്ങിൻ കുല അഴിച്ചിടാൻ എക്സൈസ് നിർദ്ദേശിച്ചു .അഴിച്ചിട്ട കുലയിൽ നിന്ന് ഇനി കള്ള് ലഭിക്കില്ല . പുതിയ കുല പിടിച്ച് കള്ള് വീഴുന്ന പാകത്തിൽ തെങ്ങ് ഒരുക്കണം. ഒരാഴ്ച കുല തല്ലി പഴുപ്പിച്ച ശേഷമേ കള്ള് കിട്ടുന്ന കുലയാണോ എന്നറിയാൻ കഴിയൂ. കള്ള് കുറവെങ്കിൽ പുതിയ കുല പിടിക്കണം . നന്നായി കള്ള് കിട്ടാൻ സമയമെടുക്കും. മൂന്നു നേരം കള്ള് കിട്ടുന്ന തെങ്ങും ഒരു നേരം അഞ്ചു ലിറ്റർ കള്ള് വരെ കിട്ടുന്ന തെങ്ങും ഇപ്പോൾ കുറവാണ് .
ഒരു ലിറ്റർ
തൊഴിലാളിക്ക് കിട്ടുന്നത് 60 രൂപ
ഷാപ്പിൽ വിൽക്കുന്നത്. 140 രൂപ
കോട്ടയം റേഞ്ചിൽ മാത്രം 56 ഷാപ്പുണ്ട് . പാലക്കാടൻ കള്ള് വരാതെ പാഴ്സൽ വിൽപ്പന നടക്കില്ല . കുടുംബ സമേതം ഷാപ്പു കറിതേടി ആളുകൾ എത്തിയിരുന്നതിനാൽ റെസ്റ്റോറന്റ് നടത്തിയാണ് ഷാപ്പുകൾ പിടിച്ചു നിന്നിരുന്നത്. കറി വിൽപ്പനയില്ലാതെ ഷാപ്പ് നടത്തിക്കൊണ്ടു പോകാനാവില്ല . കൊവിഡ് ഭീതി വിട്ടുമാറാത്തതിനാൽ കള്ള് പാഴ്സലായി വാങ്ങാൻ ആള് വരുമോയെന്നും കണ്ടറിയണം.
എ.സി.സത്യൻ, സെക്രട്ടറി,
കോട്ടയം റേഞ്ച് ഷാപ്പ് അസോസിയേഷൻ