kulam

ചങ്ങനാശേരി : ഇത്തിത്താനം കേന്ദ്രീകരിച്ച് ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി നിർമ്മാണ - ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രളയകാലത്ത് ഇടിഞ്ഞുതാഴ്ന്ന ഇത്തിത്താനം ചിറവംമുട്ടം ക്ഷേത്രക്കുളത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിച്ചു. ഇതിനായി പ്രളയാനന്തര പുനർനിർമ്മാണ ഫണ്ടിൽ നിന്ന് സംസ്ഥാന സർക്കാർ ആറര ലക്ഷം രൂപ അനുവദിച്ചിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നേരത്തെയനുവദിച്ചെങ്കിലും തുക അപര്യാപ്തമായിരുന്നു. 20 ലക്ഷം രൂപ ചെലവഴിച്ച് ചാലച്ചിറ തോടിന്റെ ഭാഗമായ കല്ലുകടവ് - പാലാത്രച്ചിറ തോടിന്റേയും മന്നത്തു കടവ്, കണ്ണന്ത്രക്കടവ് തോടുകളുടേയും ആഴം കൂട്ടി. മാലിന്യക്കൂമ്പാരമായി മാറിയ ഇത്തിത്താനത്തെ തോടുകളും കുളങ്ങളും ആഴം കൂട്ടി ശുചീകരിക്കാൻ ഫണ്ട് അനുവദിച്ച ചെറുകിട ജലസേചന വകുപ്പിനെ അഭിനന്ദിച്ചു.

15 ലക്ഷം കൂടി

ഒന്നാംഘട്ട പണി പൂർത്തീകരിച്ചതോടെ കളമ്പാട്ടുചിറ മുതൽ ചാലച്ചിറ വരെ രണ്ടു കിലോമീറ്റർ ദൂരം ആഴം കൂട്ടുന്നതിനായി 15 ലക്ഷം രൂപ കൂടി പ്രളയ മുന്നൊരുക്ക ഫണ്ടിൽ നിന്നും അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് 30 നകം പണി പൂർത്തീകരിക്കും.

കുടിവെള്ള ക്ഷാമത്തിന് പരിഹാരം വേണം

ചാലച്ചിറ തോട് ശുചീകരണം പൂർത്തിയാകുന്നതോടൊപ്പം ചിറവംമുട്ടം ക്ഷേത്രക്കുളം മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടി, ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കൂടി കണ്ടെത്തണമെന്ന് ഇത്തിത്താനം വികസന സമിതി യോഗം ആവശ്യപ്പെട്ടു.