ചങ്ങനാശേരി : തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ ഇനി കൃഷിയും പഠനത്തിന്റെ ഭാഗമാകും. ലോക്ക് ഡൗൺ പഠിപ്പിച്ച ഭക്ഷ്യസ്വയം പര്യാപ്തതയുടെ ആവശ്യകത ഉൾക്കൊണ്ടാണ് പുതിയ പദ്ധതി.
'കൃഷി അതാണ് ഞങ്ങളുടെ സംസ്‌കാരം" എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. 1 മുതൽ 12 വരെ ക്ളാസുകളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും പദ്ധതിയിൽ പങ്കാളികളാകും. മാടപ്പള്ളി കൃഷിഭവനുമായി ചേർന്നാണ് പദ്ധതി. മിനിമം 5 തരം വിത്തുകളെങ്കിലും കൃഷി ഭവൻ നല്കും. വീടുകളിൽ താമസിക്കുന്നവർക്ക് തൊടിയിലോ ഗ്രോബാഗിലോ കൃഷി ചെയ്യാം. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കോമ്പോണ്ടിലോ ഭവനങ്ങളിലോ കൃഷി ചെയ്യാം. പരിപാടികൾക്ക് പ്രിൻസിപ്പൽ ജേക്കബ് മാത്യു ,വൈസ് പ്രിൻസിപ്പൽ വി.എം.സൂരജ്, പി.ആർ.ഒ സിജോ ഫ്രാൻസിസ്, അക്കാഡമിക് കോ-ഓർഡിനേറ്റർ ടെസ് ആന്റണി , ഹെഡ്മിസ്ട്രസ് നിഷ സന്തോഷ്, ശ്യാമ സജീവ്, യൂണിറ്റ് ഹെഡ്സ് എന്നിവർ നേതൃത്വം നൽകും.
''പച്ചക്കറി ആവശ്യങ്ങൾക്ക് സംസ്ഥാന അതിർത്തികളിൽ കണ്ണും നട്ടിരിക്കാതെ സ്വന്തം തൊടിയിലേക്കിറങ്ങി കൃഷി ചെയ്ത് തുടങ്ങാനുള്ള പ്രേരണ നൽകുകയാണ് പരിപാടിയുടെ ഉദ്ദേശ്യം
ഡോ.റൂബിൾ രാജ്, മാനേജർ
ഇന്റേണൽ മാർക്കും പരിഗണനയിൽ
കൃഷിപ്പണിയുടെ തുടക്കവും വളർച്ചയും വിളവെടുപ്പും വാട്സ്ആപ്പ് വഴി അദ്ധ്യാപകർ വിലയിരുത്തും. സ്‌കൂൾ തുറക്കുമ്പോൾ വിത്തുകൾ വിതരണം ചെയ്യും. കൃഷിയിൽ പങ്കുചേരാത്തവർക്ക് കോഴി വളർത്തൽ പരീക്ഷിക്കാം. കൃഷിക്ക് സഹായകമായ ക്ളാസുകൾ പദ്ധതി ആരംഭത്തിൽ നൽകും. സമാപനത്തിൽ വിളവുകളുടെ പ്രദർശനവും ക്രമീകരിക്കുന്നുണ്ട്. വാർഷിക പരീക്ഷയ്ക്കുള്ള 20 മാർക്ക് ഇന്റേണലിൽ ഒരു നിശ്ചിത ശതമാനം ഈ പ്രവർത്തനത്തിന് നൽകാനും ലക്ഷ്യമിടുന്നുണ്ട്.