കോട്ടയം: ലോക്ക് ഡൗൺ മുതലെടുത്ത് കെട്ടിടനിർമാണ വസ്തുക്കളുടെ വില കുത്തനെ കൂട്ടുന്നു. വിതരണ ശൃംഖല സജീവമല്ലാത്തതിനാൽ നിലവിൽ സ്റ്റോക്ക് കൈവശമുള്ളവരാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. സിമന്റിനും കമ്പിക്കും മണലിനും മെറ്റലിനും പുറമേ ഇലക്ട്രിക്കൽ സാധനങ്ങൾക്കും വിലകൂട്ടിയിട്ടുണ്ട്.
ലോക്ക് ഡൗൺ മൂലം ഉത്പാദനമില്ല. എന്നാൽ സ്റ്റോക്ക് വിലകൂട്ടി വിൽക്കരുതെന്ന് നിർദേശവുമുണ്ട്. എന്നാൽ നിർദേശം അവഗണിക്കുകയാണെന്ന് നിർമാണ മേഖലയിലുള്ളവർ പറയുന്നു. ചില്ലറവിൽപ്പന കടകളിലെല്ലാം വിലകൂട്ടിയാണ് വാങ്ങുന്നത്. ലോക്ക് ഡൗണായതിനാൽ സിമന്റും മറ്റും കട്ടപിടിച്ച് നഷ്ടം സംഭവിച്ചതിനാലാണ് വിലകൂട്ടിയതെന്നാണ് കടക്കാരുടെ ന്യായം. എന്നാൽ മറ്റ് നിർമാണ വസ്തുക്കൾക്കും വിലകൂട്ടിയിട്ടുണ്ട്. സിമന്റ്, കമ്പി, കോൺക്രീറ്റ് രംഗത്തെ പ്രമുഖ കമ്പനികൾ ഇതുവരെ ഔദ്യോഗികമായി വില വർദ്ധിപ്പിച്ചിട്ടുമില്ല. ലോക്ക് ഡൗണായതിനാൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുക്കുന്നില്ല.
ഇഴഞ്ഞ് കെട്ടിട നിർമാണം
വർക്ക് സൈറ്റുകളിൽ ഏതാനും തൊഴിലാളികളുമായി ചെറിയ തോതിലുള്ള നിർമാണമേ നടക്കുന്നുള്ളൂ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ വലിയ തോതിലുള്ള നിർമാണം പ്രായോഗികവുമല്ല. ലോക്ക്ഡൗൺ മൂലം ജിയോളജി വകുപ്പിൽ ഉദ്യോഗസ്ഥരുടെ അഭാവംമൂലം മണലും പാറയും കൊണ്ടു വരാൻ പാസ് ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയുണ്ട്.
വിലവർദ്ധന ഇങ്ങനെ
സിമന്റ് ചാക്കിന് 75 രൂപവരെ
എംസാന്റ്, മെറ്റൽ (ഘനയടി) 60-75 രൂപ
കമ്പി കിലോയ്ക്ക് 4 രൂപ
ഇലക്ടിക്കൽ 6 ശതമാനം വരെ
'' ലോക്ക് ഡൗണിനൊപ്പം തൊഴിലാളികളില്ലാതെ നിർമാണം തടസപ്പെട്ടിരിക്കുന്നതിനിടെയാണ് നിർമ്മാണവസ്തുക്കളുടെ വില കൂട്ടുന്നത്. വില വർദ്ധിപ്പിക്കരുതെന്ന സർക്കാരിന്റെ നിർദേശം അവഗണിക്കുകയാണ്. ജില്ലാ ഭരണകൂടം ഇടപെടണം''
കെ.എൻ. പ്രദീപ് കുമാർ, ജില്ലാ പ്രസിഡന്റ്, ലെൻസ്‌ഫെഡ്.